പത്തനംതിട്ട: ഇടവേളയ്ക്കുശേഷം മഴയുടെ പൊടിപൂരം.അപ്രതീക്ഷിമായെത്തിയ മഴ മണിക്കൂറുകളോളം നീണ്ടപ്പോള്‍ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും.
മലവെള്ളം കുതിച്ചെത്തിയതോടെ ചെറുഡാമുകളായ മൂഴിയാറും മണിയാറും തുറന്നു. പമ്ബ, കക്കാട്ടാറുകളില്‍ ജലനിരപ്പും വര്‍ധിച്ചു. ഗവി വനമേഖലയില്‍ കനത്ത മഴയേ തുടര്‍ന്ന് ഉള്‍വനത്തിലും മൂഴിയാറില്‍ സായിപ്പിന്‍കുഴിയിലുമാണ് ചെറിയ ഉരുള്‍പ്പൊട്ടലുകളുണ്ടായത്.
മലവെള്ളപ്പാച്ചിലില്‍ മഴവെള്ളം ഇരച്ചെത്തിയതോടെ മൂഴിയാര്‍ ഡാം ഉടൻ തന്നെ തുറക്കുകയായിരുന്നു. നേരത്തെ ശബരിഗിരിയില്‍ ഉത്പാദനം വര്‍ധിപ്പിച്ച് മൂഴിയാര്‍ ഡാമില്‍ വെള്ളം നിറയ്ക്കേണ്ട അവസ്ഥയായിരുന്നു. മൂഴിയാറില്‍ നിന്നുള്ള വെള്ളം പുറത്തേക്കു വിട്ടതിനു പിന്നാലെ കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളിലും വൈദ്യുതി ഉത്പാദനം കൂട്ടി. ഇപ്പോഴും പ്രദേശങ്ങളിൽ മഴ തുടരുകയാണ്.