LIFEMovie

തകര്‍ച്ചയുടെ ഘട്ടത്തില്‍ ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന ‘പഠാനെ’ റിലീസ്‍ദിന കളക്ഷനില്‍ മറികടക്കുമോ ‘ജവാന്‍’?

കർച്ചയുടെ ഘട്ടത്തിൽ ബോളിവുഡിന് ജീവശ്വാസം പകർന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാൻ നായകനായ പഠാൻ. ഇൻഡസ്ട്രിയുടെ തിരിച്ചുവരവിനൊപ്പം തുടർപരാജയങ്ങളെ തുടർന്ന് കരിയറിൽ ഇടവേളയെടുത്ത് മാറിനിന്ന കിംഗ് ഖാൻറെയും തിരിച്ചുവരവായി മാറി ചിത്രം. തിയറ്ററുകളിലേക്ക് കാര്യമായി ആളെ കയറ്റുന്ന ഒരു ചിത്രം ഗദർ 2 ലൂടെ മാത്രമാണ് പിന്നീട് സംഭവിച്ചത്. അതേസമയം കളക്ഷൻ റെക്കോർഡുകൾ പലത് തിരുത്തിയ പഠാന് ശേഷം ഷാരൂഖ് ഖാൻ നായകനാവുന്ന അടുത്ത ചിത്രം റിലീസിന് ഒരുങ്ങിയതിൻറെ ആവേശത്തിലാണ് ഹിന്ദി സിനിമാപ്രേമികൾ.

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം തിയറ്ററുകളിലെത്തുന്നത് സെപ്റ്റംബർ 7 ന് ആണ്. പഠാൻറെ വൻ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന നിലയിൽ നേടിയ പ്രീ റിലീസ് ഹൈപ്പിൻറെ വലിപ്പം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ബോക്സ് ഓഫീസ് ട്രാക്കർ സാക്നിക്കിൻറെ കണക്ക് പ്രകാരം ചിത്രത്തിൻറെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകൾ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകൾ ചേർന്ന് 4700 ടിക്കറ്റുകളും. അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ പ്രധാന മൾട്ടിപ്ലെക്സ് ചെയിനുകളിലും സിംഗിൾ സ്ക്രീനുകളിലും ഒരേ തരത്തിലുള്ള ആവേശം സൃഷ്ടിച്ചിട്ടുണ്ട് ചിത്രം.

Signature-ad

ആദ്യ ദിനത്തിലെ ബുക്കിംഗിൽ ചിത്രം പഠാനെ മറികടന്നതായും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാൽ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം ഇനിയും ഏറെ നേട്ടമുണ്ടാക്കും. അതേസമയം ആദ്യദിന കളക്ഷനിലും പഠാനെ ചിത്രം മറികടക്കുമോയെന്ന ചർച്ചകളും ട്രാക്കർമാരിലും സിനിമാപ്രേമികൾക്കിടയിലും പുരോഗമിക്കുന്നുണ്ട്. 55 കോടിയാണ് പഠാൻ റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് നേടിയത്. ആദ്യദിനം മാത്രമല്ല ആദ്യ അഞ്ചിൽ നാല് ദിനങ്ങളിലും ചിത്രം 50 കോടിക്ക് മുകളിലാണ് നേടിയത്.

പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം ഒരിക്കൽക്കൂടി ഷാരൂഖ് ഖാൻറെ താരമൂല്യം ബോക്സ് ഓഫീസിൽ അത്ഭുതം സൃഷ്ടിക്കുന്നത് കാണാനാവും. ആഗോള ബോക്സ് ഓഫീസിൽ 1050 കോടിക്ക് മുകളിൽ ലൈഫ്ടൈം ഗ്രോസ് ആയിരുന്നു പഠാൻറെ സമ്പാദ്യം. അതേസമയം ഗദർ 2 ഇപ്പോഴും മികച്ച തിയറ്റർ ഒക്കുപ്പൻസിയോടെ തുടരുന്നതിനാൽ ജവാന് പോസിറ്റീവ് വന്നാൽ ബോളിവുഡ് വ്യവസായത്തിന് വലിയ കുതിപ്പാവുമെന്ന കാര്യത്തിൽ സംശയമില്ല.

Back to top button
error: