കൊച്ചി: മാത്യു കുഴൽനാടൻ ആളുകളെ വിമർശിക്കാതെ തേജോവധം ചെയ്യതിട്ട് തിരിഞ്ഞോടുന്ന ആളാണെന്ന് മന്ത്രി എംബി രാജേഷ്. എന്തെങ്കിലും അതിക്ഷേപകരമായ കാര്യം വിളിച്ചു പറഞ്ഞാലേ ശ്രദ്ധ കിട്ടുകയുള്ളു എന്ന് മാത്യു കുഴൽനാടന് അറിയാമെന്നും ഇതിലും നല്ല നേതാക്കൾ കോൺഗ്രസിൽ വേറെ ഉണ്ടെന്നും വക്കീൽ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകുമെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും മാത്യ കുഴൽനാടനെതിരായ വിമർശനം തുടർന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് കുഴൽനാടന്റെ മറുപടിയെന്നും സിഎൻ മോഹനൻ പറഞ്ഞു.
തനിക്കെതിരെ കേസുമായി പോകുമെന്നാണ് കുഴൽനാടൻ പറയുന്നതെന്നും കേസുമായി വരട്ടെ അപ്പോൾ കാണാമെന്നും സിഎൻ മോഹനൻ വെല്ലുവിളിച്ചു. ഇടതുഭരണ കാലത്ത് ഒരു ബാങ്കിലാണ് അഴിമതി നടന്നിട്ടുള്ളത് അത് കരുവണ്ണൂരിൽ മാത്രമാണെന്നും യുഡിഎഫ് ഭരിക്കുന്ന പല ബാങ്കുകളിലും വൻ അഴിമതി നടക്കുന്നുണ്ടെന്നും സി എൻ മോഹനൻ പറഞ്ഞു. വിജയ് മല്യ 9000 കോടിയുമായി മുങ്ങിയത് വലിയ കാര്യമാക്കാത്തവർ കരുവണ്ണൂരിലെ വെറും ഇരുനൂറു കോടിയുടെ തട്ടിപ്പിന് വലിയ പ്രചാരണം നൽകുന്നെന്നും സി എൻ മോഹനൻ കൂട്ടിചേർത്തു.
മാത്യുകുഴൽനാടനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സി.എൻ മോഹനൻ പറഞ്ഞു. സാമ്പത്തിക ആരോപണമുന്നയിച്ചതിന്റെ വിരോധത്തിലാണ് തനിക്കും ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി വർഗീസിനുമെതിരെ തിരിയുന്നതെന്നും കുഴൽ നാടന്റെ ഉമ്മാക്കി തന്നോട് വേണ്ടന്നും സിഎൻ മോഹനൻ പറഞ്ഞു. തന്റെ സ്വത്തിനെക്കുറിച്ച് ആർക്കും അന്വേഷിക്കാമെന്നും എംവി ഗോവിന്ദന് മാത്രമല്ല മാധ്യമ പ്രവർത്തകർക്കും പരിശോധിക്കാമെന്നും സിഎൻ മോഹനൻ പറഞ്ഞു. കടബാധ്യതയുണ്ടെങ്കിൽ തീർത്തു തരണമെന്നും സിഎൻ മോഹനൻ കൂട്ടിചേർത്തു. മാത്യു കുഴൽനാടൻ നൽകിയ മാനനഷ്ടകേസിനെ നേരിടുമെന്നും സുപ്രീം കോടതിയിൽ ഞങ്ങൾക്കും അഭിഭാഷകരുണ്ടെന്നും സിഎൻ മോഹനൻ പറഞ്ഞു.
സിപിഎം നേതാക്കളെക്കുറിച്ച് ജനങ്ങൾക്ക് നല്ല ധാരണയുണ്ടെന്നും മാത്യു കുഴൽ നാടൻ എം.എൽ എയാണെങ്കില്ലും രാഷ്ട്രീയ പരിജയം കുറവാണെന്നും സിഎൻ മോഹനൻ പറഞ്ഞു. എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ് താനെന്ന ധാരണയിലാണ് മാത്യു കുഴൽനാടനെന്നും മാത്യു കുഴൽനാടനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ കൂടി വെളിപ്പെടുത്തുമെന്നും സി.എൻ മോഹനൻ കൂട്ടിചേർത്തു.