പത്തനംതിട്ട: പന്തളം കുളനട സ്വദേശിയായ മലയാളി നഴ്സ് അയര്‍ലൻഡില്‍ മരിച്ചു.മാന്തുക പുതുപ്പറമ്ബില്‍ വലിയവിളയില്‍ റോജി പി.ഇടിക്കുള (37) ആണ് മരിച്ചത്.
ആഗസ്റ്റ് 25ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റോജിക്ക് കനത്ത തലവേദന ഉണ്ടായതിനെ തുടര്‍ന്ന് ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. തലച്ചോറില്‍ രക്തസ്രാവമാണെന്ന് സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സക്കായി ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം.
കേരളത്തിലും ഖത്തറിലും നഴ്സായി ജോലി ചെയ്തിരുന്ന റോജി രണ്ട് വര്‍ഷം മുമ്ബാണ് അയര്‍ലൻഡില്‍ എത്തിയത്. ഗാള്‍വോയിലെ ട്യൂമിലായിരുന്നു താമസം. വിദേശത്തെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന റോജി കേരളത്തില്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു.
മരണത്തെ തുടര്‍ന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മാന്തളിര്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടില്‍ നടത്തും.