തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ ഫേസ്ബുക്ക് വഴി അധിക്ഷേപിച്ച നന്ദകുമാര്‍ ഐ എച്ച് ആര് ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ, ഒരുമാസം മുന്‍പാണ് ഇവിടെ നിയമനം നല്‍കിയത്.
നന്ദകുമാറിന്റെ ഐ എച്ച് ആര് ഡിയിലെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍വീസ് ചട്ടം ബാധകമായിരിക്കെയാണ് ഇയാള്‍ അച്ചു ഉമ്മന്‍ നേരെ സൈബര്‍ ആക്രമണം നടത്തിയത്. അച്ചു ഉമ്മന്റെ പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ നന്ദകുമാറിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയായ നന്ദകുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചിരുന്നു. ഫേസ്ബുക്കില്‍ രണ്ട് അക്കൗണ്ടുകളാണ് നന്ദകുമാറിനുണ്ടായിരുന്നത്. ഇതില്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടിലൂടെയാണ് അച്ചുവിനെതിരെ അധിക്ഷേപം ഉന്നയിച്ചത്.