KeralaNEWS

നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിൻ്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിൻ്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. കൃഷ്ണ പ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേന്ദ്ര സർക്കാർ കുടിശിക വരുത്തിയത് കൊണ്ടാണ് നെൽകർഷകന് കുടിശിക വന്നത്. ബാങ്ക് കൺസോഷ്യം വഴി കുടിശിക കൊടുത്ത് തീർക്കുകയാണ്. കൃഷ്ണ പ്രസാദ് സപ്ലെക്കോക്ക് നൽകിയ നെല്ലിന്റെ പണം മുഴുവൻ വാങ്ങിയെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭരിച്ച നെല്ലിന്‍റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കർഷകന്‍റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടന്‍റെ പ്രതികരണം. തന്‍റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്‍റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍, മന്ത്രി പി രാജീവ് ജയസൂര്യക്ക് അതേ വേദിയിൽ മറുപടി നല്‍കി. കർഷകർക്കുള്ള സംസ്ഥാന വിഹിതം മുടങ്ങിയിട്ടില്ലെന്നും കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Signature-ad

സംഭവം വിവാദമായതിന് പിന്നാലെ ജയസൂര്യയ്ക്ക് മറുപടിയുമായി കൃഷിമന്ത്രിയും രംഗത്തെത്തി. കർഷകർക്ക് പണം നൽകുന്നതിൽ കാലതാമസമുണ്ടായെന്ന് സമ്മതിച്ച കൃഷിമന്ത്രി കൃഷ്ണപ്രസാദിന് മുഴുവൻ തുകയും നൽകിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോഴും സംസ്ഥാനത്തെ 24,000 അധികം കർഷകർക്ക് 360 കോടി രൂപ നെല്ല് സംഭരിച്ചതിൽ കുടിശ്ശികയുണ്ടെന്നതാണ് വസ്തുത.കണക്കുകൾ കേന്ദ്രത്തിന് കൈമാറുന്നതിൽ സംസ്ഥാനം വീഴ്ച വരുത്തിയതാണ് കുടിശ്ശികയ്ക്ക് കാരണമെന്നും കർഷക സംഘടനകൾ.

Back to top button
error: