വയനാട്: സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി പ്രസിഡന്റിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്ന് ആരോപണം. ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വൈകി വന്നതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. അസഭ്യം വിളിക്കുന്ന ശബ്ദരേഖ ഒരു വിഭാഗം പുറത്തുവിട്ടു. പിന്നാലെ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റായ എന്‍ഡി അപ്പച്ചനോട് ക്ഷമ ചോദിച്ചു.
ബാലകൃഷ്ണനെതിരെ വലിയ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കെപിസിസിക്ക് പരാതി നല്‍കുമെന്ന് അപ്പച്ചനും വ്യക്തമാക്കി. 26ന് രാവിലെ പത്ത് മണിക്കാണ് ഡിസിസിയില്‍ ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട യോഗം വിളിച്ചത്. പക്ഷേ, ഡിസിസി പ്രസിഡന്റ് കൃത്യസമയത്ത് യോഗത്തിലേക്ക് എത്തിയില്ല. കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അപ്പച്ചന്‍. ഇതാണ് എംഎല്‍എ പ്രകോപിപ്പിച്ചത് എന്നാണ് ആരോപണം.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അപ്പച്ചനെ, എംഎല്‍എ അസഭ്യം വിളിച്ചതില്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്. സംസാരം അതിരു കടന്നുപോയി എന്ന് എംഎല്‍എയും തുറന്നു പറഞ്ഞു. പക്ഷേ, സ്വകാര്യ സംഭാഷണം ചോര്‍ത്തി പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. അടുത്ത ദിവസം കെപിസിസിക്ക് പരാതി നല്‍കുമെന്നാണ് അപ്പച്ചനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.