തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് 6 ലക്ഷം രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പൊതുവില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുമായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിംഗ് വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസ് മുതല്‍ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചത്. 7 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 മാസക്കാലത്തേയ്ക്ക് പ്രതിമാസം 1000 രൂപയും പ്ലസ് വണ്‍ മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 മാസക്കാലത്തേയ്ക്ക് പ്രതിമാസം 1500 രൂപയും ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സ്, പിജി ക്ലാസുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 മാസക്കാലത്തേയ്ക്ക് പ്രതിമാസം 2000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കി വരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി. വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നില്‍കുന്ന വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിരുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അടിസ്ഥാന വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ 58 ശതമാനം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകുന്നുവെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പ് പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്നാണ് ഈ വര്‍ഷവും തുടരാന്‍ തീരുമാനിച്ചത്.