വീണ്ടും ഒരു ഓണക്കാലം.വറുതിയുടെ പാടുകള്‍ മനസ്സില്‍ നിന്ന് മായാത്ത കാലമാണെങ്കിലും പണ്ടത്തെ സമൃദ്ധിയുടെ ഓർമ്മയിൽ ഓണമാഘോഷിക്കാത്തവർ ഇന്നു കേരളത്തിലെന്നല്ല, മറുനാട്ടിൽ പോലും വിരളമായിരിക്കും.
രണ്ടു പ്രളയവും
പുത്തുമല, കവളപ്പാറ,പെട്ടിമുടി ദുരന്തങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി ഉണ്ടായ ഉരുൾപൊട്ടലുകളും കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് നിരാശയുടെ പൂപ്പൽ പടർത്തിയ മനസ്സുകൾക്ക് പ്രത്യാശയുടെ പൊൻവെളിച്ചമാകട്ടെ ഈ വർഷത്തെ ഓണക്കാലം.കാണം വിറ്റും ഓണം ആഘോഷിച്ചില്ലെങ്കിലും ഉള്ളതുകൊണ്ട് ‘ഓണംപോലെ’
നമുക്ക് ഈ ഓണത്തെ ആഘോഷിക്കാം.
കേരളമൊന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.കേരളത്തിന്റെ ദേശീയോത്സവം. ഐതിഹ്യമനുസരിച്ച്, കേരളനാട്ടിൽ ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു അസുര രാജാവായ മഹാബലി വാണ കാലം.പ്രജാക്ഷേമതൽപരനായിരുന്ന മഹാബലി കൊല്ലം തോറും തന്റെ നാട്ടുകാരെ കാണാനെത്തുന്ന ദിനമാണ് മലയാളമാസമായ ചിങ്ങത്തിലെ തിരുവോണം.മഹാബലിയെ സ്വീകരിക്കാനുളള ഒരുക്കങ്ങളാണ് തിരുവോണദിനത്തോടനുബന്ധിച്ചുളള ആഘോഷങ്ങൾ.നാടൻ പന്തുകളിയും വടംവലിയും വള്ളംകളിയും ഊഞ്ഞാലാട്ടവും ഉപ്പേരി കൊറിക്കലുമെല്ലാം ഓണത്തിന്റെ പ്രത്യേകതകളാണെങ്കിലും അറുപതു വിഭവങ്ങൾ വരെ നിറയുന്ന തൂശനിലയിലെ തിരുവോണസദ്യ ആണ് അതിന്റെ ഹൈലൈറ്റ്.
അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമെല്ലാം മലയാളിക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. എവിടെയാണെങ്കിലും തിരുവോണത്തിന് സദ്യയുണ്ണാനായി മലയാളികള്‍ സ്വന്തം വീട്ടിലേക്ക് ഓടിയെത്തും. തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യയ്ക്ക് മറ്റൊരിടത്തും ലഭിക്കാത്ത രുചിവൈവിധ്യമാണുള്ളത്.സദ്യവട് ടങ്ങള്‍ പലനാട്ടില്‍ പലതാണെങ്കിലും തിരുവോണത്തിന് ഓണസദ്യയുണ്ണാത്ത മലയാളികളുണ്ടാവില്ല.ഉപ്പേരിയും ഉപ്പിലിട്ടതും തുടങ്ങി പായസം വരെയുള്ള വിഭവങ്ങള്‍ ഇലയില്‍ നിരന്നാൽ പിന്നെ ആരുടെ വായിലാണ് കപ്പലോടാത്തത് ?
കോവിഡിനും പേമാരികൾക്കുമെല്ലാം വിടനൽകി തെളിഞ്ഞ ചിങ്ങവെയിലിലാണ് ഇക്കുറി ഓണം.എല്ലാ മേഖലകളിലും പ്രതിസന്ധികളുടെ നിഴൽ വീണിട്ടുണ്ടെങ്കിലും അതെല്ലാം മായ്ക്കുന്ന പ്രതീക്ഷയുടെ വെയിൽ നാളമാകട്ടെ ഇത്തവണത്തെ ഓണം.ഉള്ളതുകൊണ്ട് ഓണംപോലയെന്നാണല്ലോ പഴമൊഴി.ഏവർക്കും സന്തോഷപൂർണ്ണമായ ഒരു ഓണം ആശംസിക്കുന്നു.