ചിന്തകള്‍ വിശുദ്ധവും ക്രിയാത്മകവുമായാൽ ജീവിതം സന്തുഷ്ടകരമാകും
വെളിച്ചം
നീണ്ടയാത്രയായിരുന്നു. യാത്രയ്ക്കിടെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ കാട്ടിലെ മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. ദാഹിച്ചപ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന്. അത്ഭുതം, ഉടന്‍ മണ്‍പാത്രം നിറയെ വെള്ളം പ്രത്യക്ഷപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വിശക്കാന്‍ തുടങ്ങി. ഭക്ഷണം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചപ്പോഴേക്കും അയാള്‍ക്ക് മുന്നില്‍ ഭക്ഷണം നിരന്നു. വയറുനിറഞ്ഞപ്പോള്‍ ഉറക്കം വന്നു. ചുറ്റും നോക്കിയപ്പോള്‍ നിറയെ പാറകള്‍ മാത്രം. ഒരു മെത്തയ്ക്കാണ് അപ്പോള്‍ മനസ്സില്‍ മോഹമുദിച്ചത്. ഉടനെ ഒരു മെത്ത എത്തി.
താന്‍ വിശ്രമിക്കുന്ന മരത്തിന്റെ പ്രത്യേകയാണ് ഇതെന്ന് അയാള്‍ക്ക് മനസ്സിലായി. വിശ്രമത്തിനിടെ അയാള്‍ക്കൊരു ആശങ്ക. കാടല്ലേ, സിംഹമോ മറ്റോ വന്നാലോ… ആലോചന പൂര്‍ത്തിയാകുന്നതിന് മുമ്പേ എവിടെ നിന്നോ ഒരു സിംഹമെത്തി അയാളെ ആക്രമിച്ചു കൊലപ്പെടുത്തി!
മനസ്സാണ് മാര്‍ഗ്ഗം. മനസ്സ് തന്നെയാണ് മാര്‍ഗ്ഗതടസ്സവും. മനസ്സെത്തുന്നിടത്തേക്കാണ് മെയ്യെത്തുന്നത്. മനസ്സൊരുമ്പിട്ടാല്‍ മറ്റൊന്നിനും അതിനെ തടയാനാകില്ല. മനസ്സിലാത്തവനെ മാറ്റാനോ അയാളുടെ മനസ്സിനപ്പുറത്തേക്ക് നീങ്ങാനോ ഒരാള്‍ക്കും കഴിയില്ല. അങ്ങനെയാണെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാനല്ലേ ആദ്യം പഠിക്കേണ്ടത്. നിഷേധാത്മക ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവരുടെ സൂര്യോദയം പോലും ഇരുണ്ടതാകും. പ്രസാദാത്മക ചിന്തകള്‍ പിന്തുടരുന്നവരുടെ അസ്തമയങ്ങളിലും ചില കെടാവിളക്കുകള്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ടാകും. ഒരാള്‍ ചിന്തിക്കുന്നതെന്തോ അതായിത്തീരും എന്നതല്ല, ഒരാള്‍ ചിന്തിക്കുന്നതേ ആയിത്തീരൂ എന്നതാണ് ശരി… ചിന്തകള്‍ വിശുദ്ധവും ക്രിയാത്മകവുമായി തീരാന്‍ നമുക്ക് പരിശീലിക്കാം.
ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ