കൊച്ചി: മദ്യ ലഹരിയില്‍ കാറോടിച്ച് അപകടം സൃഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥന് പിടിയില്‍. ഇടുക്കി കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചെമ്പകപ്പാറ പാടലംകുന്നേല്‍ അജീഷ് കുര്യന് (40)ആണ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ വൈകിട്ട് മൂവാറ്റുപുഴ എംസി റോഡില്‍ വാഴപ്പിള്ളിയിലാണ് സംഭവം. മദ്യ ലഹരിയില്‍ അജീഷ് ഓടിച്ച കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. അപകടം ചോദ്യം ചെയ്ത് ബസ് ജീവനക്കാരും യാത്രക്കാരുമായി അജീഷ് തര്‍ക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇയാളെ പിടൂകൂടി പോലീസിനു കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷം അജീഷിനെതിരെ കേസെടുക്കുകയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്കി.
അതേസമയം, മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന് നല്കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്.