ഓണക്കാലത്തെ വരവേല്‍ക്കാൻ കയറു കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാവേലിയുമായി കൊച്ചി വണ്ടര്‍ലാ. 15 അടി ഉയരത്തിലുളള ഈ മഹാബലിയാണ് വണ്ടര്‍ലായിലെത്തുന്നവരെ സ്വീകരിക്കുക.
ബെസ്റ് ഓഫ് ഇന്ത്യ റെക്കാഡ് നേടിയ ഈ മഹാബലിയുടെ ഇൻസ്റ്റലേഷൻ 14 ദിവസങ്ങള്‍ കൊണ്ട് 6 കലാകാരന്മാര് ചേർന്ന് നിര്‍മ്മിച്ചതാണ്. നാളെ മുതല്‍ സെപ്തംബര്‍ 3 വരെയാണ് വണ്ടര്‍ലായിലെ ഓണാഘോഷ പരിപാടികൾ. കലാസംഗീതമേള, ഓണമത്സരങ്ങള്‍, ഘോഷയാത്ര,ശിങ്കാരിമേളം, ഓണസദ്യ, പായസമേള, ഭക്ഷ്യമേള, തുടങ്ങിയ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
95 ശതമാനവും കയര്‍ ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണ് മാവേലി രൂപം.വണ്ടര്‍ലാ പാര്‍ക്ക് ഹെഡ് എം.എ. രവികുമാറിന്റെ സാന്നിധ്യത്തില്‍ കയര്‍ഫെഡ് വൈസ് പ്രസിഡന്റ് ആര്. സുരേഷും ടൂറിസം ഡിപ്പാര്‍ട്മെന്റ് ജോയിന്റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദും ചേര്‍ന്നാണ് രൂപം അനാച്ഛാദനം ചെയ്തത്.കയര്‍ഫെഡുമായി സഹകരിച്ച് നിർമിച്ച രൂപം ലോക റെക്കോര്‍ഡ് നേടിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിളളി പറഞ്ഞു.