CrimeNEWS

മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലേറ്; കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32) ആണ് അറസ്റ്റിലായത്. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇയാളെ ആര്‍പിഎഫ് കൂടുതല്‍ ചോദ്യം ചെയ്യും. ഓഗസ്റ്റ് 16 ന് മാഹി്ക്കും തലശ്ശേരിക്കും ഇടയില്‍ വച്ചായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്.

ആക്രമണത്തില്‍ സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ആര്‍പിഎഫ് സംഘം പരിശോധന നടത്തിയ ശേഷം പൊട്ടിയ ചില്ല് താത്കാലികമായി ഒട്ടിച്ചുവെച്ച് ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.

Signature-ad

സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് തുടര്‍ക്കഥയാവുകയാണ്. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസ്.

 

Back to top button
error: