എന്നും ഓർത്തുവയ്ക്കാൻ ഉതകുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അഭിനയം കൊണ്ടും കഥ കൊണ്ടും സംവിധാന മികവ് കൊണ്ടുമെല്ലാം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയവ ആയിരിക്കും ആ സിനിമകൾ. വീണ്ടും പല ആവർത്തി ഇത്തരം ചിത്രങ്ങൽ കണ്ടാലും കാണികൾക്ക് എന്നും പുതുമ തന്നെ. അത്തരമൊരു സിനിമയാണ് സിഐഡി മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയുടെ അനൗൺസ്മെന്റ് ഉടൻ ഉണ്ടാകുമെന്നും ജോണി ആന്റണി പറഞ്ഞിരുന്നു. ഈ അവസരത്തിൽ ഒന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയ സലിം കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
രണ്ടാം ഭാഗം വേണ്ടന്ന പക്ഷക്കാരനാണ് താനെന്നാണ് സലിം കുമാർ പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകി. അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “രണ്ടാം ഭാഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ” എന്നാണ് സലിം കുമാർ പറഞ്ഞത്.
സിഐഡി മൂസയിൽ ‘തൊരപ്പൻ കൊച്ചുണ്ണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ ഹരിശ്രീ അശോകനും സിനിമയെ കുറിച്ച് സംസാരിച്ചു. ‘എനിക്ക് ഇണങ്ങുന്ന എല്ലാ വേഷവും ചെയ്യാൻ ഞാൻ തയ്യാറാണ്. സിഐഡി മൂസയിലെ പോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അതുപോലൊരു കഥാപാത്രം ഇനിയും ഞാൻ ചെയ്യും’, എന്നാണ് അദ്ദേഹം പറഞ്ഞത്.
വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ പ്രമോഷനിടെ ആണ് സിഐഡി മൂസ ഉടൻ വരുമെന്ന് ജോണി ആന്റണി അറിയിച്ചത്. ചിത്രത്തിന് 500കോടി രൂപ ഷെയർ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റിങ്ങും മറ്റും നടക്കുക ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2003ൽ ആണ് സിഐഡി മൂസ റിലീസ് ചെയ്തത്. 2020ൽ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നു. ആനിമേഷൻ ആയിട്ടാകും മൂസ വീണ്ടും എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.