േകാട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മത്സരരംഗത്തുള്ളത് ഏഴു സ്ഥാനാര്‍ഥികളാണ്. മണ്ഡലത്തിലെ വികസനമടക്കം മുന്നണികള്‍ ചര്‍ച്ചയാക്കുമ്പോള്‍ അരിക്കൊമ്പന് നീതി ലഭ്യമാക്കാനായി മത്സരത്തിനിറങ്ങിയിരിക്കുയാണ് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി. മൂവാറ്റുപുഴ സ്വദേശിയായ പി.കെ ദേവദാസ് ആണ് അരിക്കൊമ്പനുവേണ്ടി മത്സരിക്കുന്നത്. അരിക്കൊമ്പന്‍ ഫാന്‍സിനെ പ്രതിനിധീകരിച്ചാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.
”പ്രിയപ്പെട്ട അരിക്കൊമ്പനെക്കുറിച്ച് എല്ലാ മലയാളികള്‍ക്കും അറിയാം. അരിക്കൊമ്പനുണ്ടായ ദുരവസ്ഥയില്‍ മനംനൊന്ത് ഒത്തുചേര്‍ന്ന ഒരുപറ്റം ജനങ്ങള്‍ രൂപംനല്‍കിയ അരിക്കൊമ്പന്‍ ഫാന്‍സ് എന്ന ഗ്രൂപ്പുകളുണ്ട്. അരിക്കൊമ്പന് നീതി ലഭ്യമാക്കാനായി അരിക്കൊമ്പന്റെ ഫാന്‍സിനെ പ്രതിനിധീകരിച്ചാണ് പുതുപ്പള്ളിയില്‍ മത്സരത്തിനിറങ്ങിയത്” – ദേവദാസ് പ്രതികരിച്ചു. ചക്കയാണ് ദേവദാസിന്റെ ചിഹ്നം.
അതേസമയം, നാമനിര്‍ദേശപട്ടിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞദിവസം അവസാനിച്ചതോടെ പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു. അഡ്വ. ചാണ്ടി ഉമ്മന്‍ (കോണ്‍ഗ്രസ്), ജെയ്ക് സി തോമസ് (സിപിഎം), ലിജിന്‍ ലാല്‍ ബിജെപി), ലൂക്ക് തോമസ് (എഎപി), പികെ ദേവദാസ് (സ്വതന്ത്രന്‍), ഷാജി (സ്വതന്ത്രന്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംത്തുള്ളത്. നാല് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ ചിഹ്നവും മൂന്നു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ അഞ്ചിന് വോട്ടെടുപ്പും എട്ടിന് വോട്ടെണ്ണലും നടത്തുന്ന രീതിയിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. 1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് (4146 പേര്‍). ആകെ 182 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.