IndiaNEWS

‘ഇന്ത്യ’യ്ക്ക് ബംഗാളിലും തലവേദന; കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ച് മമത

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി പ്രതിപക്ഷ സഖ്യം രൂപീകരിച്ച ‘ഇന്ത്യ’ മുന്നണിയില്‍ വീണ്ടും തര്‍ക്കം. പശ്ചിമ ബംഗാളിലാണ് നിലവില്‍ ഭിന്നതയുണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലാണ് തര്‍ക്കം. നേരത്തെ, ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും തമ്മിലും തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോവുന്നതിനിടയിലാണ് ബംഗാളിലും ഭിന്നതയുണ്ടാവുന്നത്.

സഖ്യത്തിന്റെ മുംബൈയിലെ യോഗം നടക്കാനിരിക്കെയാണ് ഭിന്നത ഉടലെടുത്തത്. സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലെ അതൃപ്തി മമത ബാനര്‍ജി കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം. നേരത്തെ, ഇന്ത്യ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള പോര് പുറത്തുവന്നത്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയാതായി നേതാവ് അല്‍ക്ക ലാംബ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

Signature-ad

കോണ്‍ഗ്രസ് ലോക്‌സഭാ മുന്നൊരുക്ക ചര്‍ച്ചക്ക് പിന്നാലെയായിരുന്നു പ്രതികരണം. പിന്നാലെ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനിക്കുന്നതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാര്‍ട്ടിയും ഇന്ത്യ മുന്നണിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ എഐസിസിയും വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

Back to top button
error: