തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്ബത്തിക വര്‍ഷം 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ആദിവാസി മേഖലയില്‍ 15 കോടി രൂപ ചെലവില്‍ ഒരു ആശുപത്രിയും 10.5 കോടി ചിലവില്‍ രണ്ട് ആശുപത്രികളും ഉള്‍പ്പെടെ മൂന്നു പുതിയ ആയുഷ് സംയോജിത ആശുപത്രികള്‍ സജ്ജമാക്കും. വര്‍ക്കല പ്രകൃതി ചികിത്സാ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 15 കോടി രൂപ അനുവദിച്ചു. 87 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകളും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകളും സ്ഥാപിക്കും. 17 ആയുര്‍വേദ ആശുപത്രികളെ മെഡിക്കല്‍ ടൂറിസം പദ്ധതിക്കായി സജ്ജമാക്കും. 50 ആയുര്‍വേദ, ഹോമിയോപ്പതി ആശുപത്രികളെ എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.