NEWSWorld

നായയാണെന്ന് കരുതി 15,000 രൂപയ്ക്ക് യുവതി വാങ്ങി വളർത്തിയത് കുറുക്കനെ!

ചൈനയിലെ ഒരു കടയിൽ നിന്നും നായയാണെന്ന് കരുതി യുവതി വാങ്ങി വളർത്തിയത് കുറുക്കനെ. പട്ടിക്കുട്ടിയെ സ്വന്തമാക്കി മാസങ്ങൾ കഴിഞ്ഞിട്ടും അത് പട്ടിയുടെ സ്വഭാവ രീതികളൊന്നും കാണിക്കാതെ വന്നതോടെ സംശയം തോന്നിയ ഉടമ, മൃഗശാല അധികൃതരെ സമീപിച്ചപ്പോഴാണ് താൻ പട്ടിയെന്ന് കരുതി ഇതുവരെ വളർത്തിയത് പട്ടിയല്ല, മറിച്ച് കുറുക്കൻ ആണെന്ന് തിരിച്ചറിയുന്നത്.

ചൈനയിലെ ഷാൻസി മേഖലയിലെ ജിൻഷോംഗിൽ താമസിക്കുന്ന മിസ് വാങ്, ജാപ്പനീസ് സ്പീറ്റ്സ് നായക്കുട്ടിയാണെന്ന് കരുതി മ‍ൃഗങ്ങളെ വിൽക്കുന്ന കടയിൽ നിന്നുമാണ് ഒരു പട്ടിക്കുട്ടിയെ വാങ്ങിയത്. വളർത്തുനായകളോട് ഏറെ സ്നേഹം ഉണ്ടായിരുന്ന അവർ, ആ നായക്കുട്ടിയെ തൻറെ വീട്ടിലെത്തിച്ച് കൃത്യമായ പരിചരണങ്ങൾ നൽകി വളർത്തി. നായയെ വാങ്ങുമ്പോൾ പെറ്റ് ഷോപ്പ് ജീവനക്കാർ, അത് ജാപ്പനീസ് സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണെന്നായിരുന്നു അവളോട് പറഞ്ഞിരുന്നത്. അന്ന് 15,000 രൂപ നൽകിയാണ് മിസ് വാങ് ആ നായക്കൂട്ടിയെ സ്വന്തമാക്കിയത്.

Signature-ad

എന്നാൽ, വീട്ടിലെത്തിച്ച് മൂന്നാല് മാസങ്ങൾ പിന്നിട്ടിട്ടും നായ ഒരിക്കൽ പോലും കുരയ്ക്കാതിരുന്നതും നായകളുടെ പൊതുസ്വാഭാവങ്ങളൊന്നും കാണിക്കാതിരുന്നതും അതുവരെ നൽകിവന്നിരുന്ന ഡോഗ് ഫുഡ് ക്രമേണ കഴിക്കാതായതും യുവതിയിൽ സംശയമുണർത്തി. മാത്രമല്ല, വളരുംതോറും നായ്ക്കളുടെ ശരീരത്തിൽ ഉണ്ടാകുന്നതിനേക്കാൾ കട്ടിയുള്ള രോമങ്ങൾ അതിൻറെ ശരീരത്തിലുണ്ടായതും വാലിന് കൂടുതൽ നീളം വെച്ചതും മിസ് വാങ്ങിൽ സംശയം വർദ്ധിപ്പിച്ചു.

തുടർന്ന് ഒരു പ്രാദേശിക മൃഗശാലാ ജീവനക്കാരനെ സമീപിച്ചപ്പോഴാണ് തൻറെ കൂടെയുള്ളത് നായയല്ല, മറിച്ച് കുറുക്കൻ ആണെന്ന് വാങ് തിരിച്ചറിഞ്ഞത്. ‘നായ’ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ യുവതി, മൃഗത്തെ സമീപത്തെ മൃഗശാലാ അധികൃതർക്ക് കൈമാറി. പക്ഷേ, അതിന് ശേഷമായിരുന്നു തനിക്ക് ആ മൃഗത്തോടുള്ള സ്നേഹം മിസ് വോങ് തിരിച്ചറിഞ്ഞത്. മൂന്നാല് മാസം തൻറെ സ്നേഹപരിലാളകൾ ഏറ്റ് വളർന്ന് ആ കുറുക്കൻ കുഞ്ഞിനെ വിട്ട് പിരിയാൻ അവർക്ക് കഴിഞ്ഞില്ല. അതിനകം അത്രമേൽ ദൃഢമായിക്കഴിഞ്ഞിരുന്നു അവർ തമ്മിലുള്ള ആത്മബന്ധം. ഒടുവിൽ അവർ അതിനൊരു ഉപായം കണ്ടെത്തി. എല്ലാ ദിവസവും പറ്റുമെങ്കിൽ ഒരു നേരമെങ്കിലും മൃഗശാലയിൽ പോയി അവനെ കാണുക. ഇന്ന് എല്ലാ ദിവസവും മിസ് വാങ് താൻ പട്ടിയാണെന്ന് കരുതി വളർത്തിയ കുറുക്കനെ കാണാൻ മൃഗശാല സന്ദർശിക്കും.

Back to top button
error: