KeralaNEWS

പ്രതിയെത്തേടി വന്നവര്‍ കണ്ടത് ഓര്‍മ്മ നഷ്ടപ്പെട്ട് കിടപ്പിലായ രോഗിയെ; കുടുംബത്തെ സഹായിച്ച് എക്സൈസ്

വെഞ്ഞാറമൂട്: പഴയ ഒരു കേസിലെ പ്രതിക്ക് വാറന്റുമായി വീടന്വേഷിച്ച്‌ എത്തിയ എക്സൈസ് സംഘം കണ്ടത് അപകടത്തില്‍ പരിക്കേറ്റ് കിടപ്പുരോഗിയായ പ്രതിയെ.നിത്യവൃത്തിക്കുപോലും കഷ്ടപ്പെടുന്ന കുടുംബത്തിന്റെ ദയനീയതകൂടി അറിഞ്ഞതോടെ ഈ കുടുംബത്തിന് ഓണമുണ്ണാനുള്ള സാധനങ്ങള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തിച്ചുനല്‍കി.

കഴിഞ്ഞദിവസമാണ് പ്രിവന്റീവ് ഓഫീസര്‍ ബിജുലാലും സംഘവും പഴയ ഒരു കേസുമായി ബന്ധപ്പെട്ട വാറന്റ് നല്‍കുന്നതിനായി പെരിങ്ങമ്മല ഇലവുപാലം, ഗേറ്റ്മുക്ക് ബ്ലോക്ക് നമ്ബര്‍ 60-ല്‍, ബിജുവിന്റെ വീട്ടിലെത്തിയത്. 2018-ല്‍ തടി കയറ്റുന്നതിനിടയില്‍ ലോറിയില്‍നിന്നു താഴെവീണ് തലയ്ക്കു ഗുരുതരമായി പരിക്കുപറ്റി സംസാരശേഷിയും ഓര്‍മശക്തിയും നഷ്ടപ്പെട്ട് ബിജു ഇപ്പോള്‍ കിടപ്പിലാണ്. ബിജുവിന്റെ ഭാര്യയ്ക്കും അസുഖമാണ്. മകള്‍ അസുഖത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിച്ചു.മകൻ പ്ലസ് വണ്ണിനു പഠിക്കുകയാണ്.

ഉദ്യോഗസ്ഥര്‍ ഓഫീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വാമനപുരം റെയ്ഞ്ച് ഓഫീസിലെ ജീവനക്കാര്‍ എല്ലാവരുംകൂടി വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ വീട്ടുസാധനങ്ങളും പച്ചക്കറിയും ധനസഹായവും എത്തിക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടര്‍ മോഹനകുമാറിന്റെ അഭ്യര്‍ഥനപ്രകാരം പാലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇക്മാ മലയാളി അസോസിയേഷൻ ധനസഹായവും വാര്‍ഡ് മെമ്ബര്‍ ഗീതാ പ്രജി വസ്ത്രങ്ങളും മറ്റും എത്തിച്ചുനല്‍കി.

Signature-ad

വരുംമാസങ്ങളിലും കുടുംബത്തിനു വേണ്ട സഹായങ്ങള്‍ എത്തിച്ചുനല്‍കാമെന്ന് വാര്‍ഡ് മെമ്ബറും ഇലവുപാലത്തുള്ള പൗരസമിതിക്കാരും അറിയിച്ചു.

Back to top button
error: