അകലങ്ങളിൽ ഇരുന്നുള്ള പ്രണയം ആധുനികകാലത്ത് ചെറുതല്ലാത്ത വെല്ലുവിളിയാണ്. അകന്നിരിക്കുമ്പോൾ ഇരുവരും പ്രണയത്താൽ കെട്ടപ്പെട്ടവർ ആയിരിക്കുന്നത് എങ്ങനെ?
വിളിയും ചാറ്റും ഉണ്ടെങ്കിൽ എല്ലാം ആയി എന്ന് കരുതേണ്ടതില്ല. വൈകാരികമായ അടുപ്പം ഉള്ള എന്തെങ്കിലും പരസ്പരം പങ്കിടുന്നത് നന്നാവും. അതൊരു പക്ഷേ ഒരു പെർഫ്യൂം ആകാം, ഒരു ചെറിയ സമ്മാനം ആകാം. നിങ്ങൾ തൊട്ടടുത്തുണ്ട് എന്ന വൈകാരിക അനുഭവം അത് നൽകും.
എപ്പോഴും മിണ്ടുക എന്നുള്ളതല്ല എങ്ങനെ മിണ്ടുന്നു എന്നുള്ളതിലാണ് കാര്യം.എത്ര സംസാരിക്കുന്നു എന്നതിലല്ല കാര്യം, എന്ത് സംസാരിക്കുന്നു എന്നതിലാണ്. പരസ്പരം മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുക. സന്തോഷത്തിന് താക്കോൽ ആശയവിനിമയത്തിൽ ആണ്.
വിശ്വാസം ഒരു ബന്ധത്തിന്റെ ആണിക്കല്ലാണ്. അകന്നിരിക്കുന്ന ബന്ധങ്ങളിൽ നെഗറ്റീവ് ചിന്തകൾക്ക് ധാരാളം ഇടമുണ്ട്. ഈ സാഹചര്യത്തിൽ മനസ്സ് തുറന്നു സംസാരിക്കുക എന്നതാണ് സുപ്രധാനമായ കാര്യം. നമ്മൾ നമ്മളെ വിശ്വസിക്കുക എന്നതാണ് ആദ്യത്തെ കടമ.
പങ്കാളിയുമായി പഴയ ഓർമ്മകൾ പങ്കു വെക്കുക മാത്രമല്ല പുതിയ ഓർമ്മകൾ ഉണ്ടാക്കുക കൂടി വേണം. ഇപ്പോൾ സിനിമകളൊക്കെ ഒരുമിച്ച് ഓൺലൈനിൽ ഇരുന്ന് കാണാനുള്ള സാധ്യതകളുണ്ട്. ഓൺലൈൻ ഗെയിമുകളുമാകാം. ഇരുവർക്കും ഒരുമിച്ച് രണ്ട് അടുക്കളയിൽ പാചകവും ആകാം.
സാധാരണ ഫോൺ സംഭാഷണത്തേക്കാൾ വീഡിയോ കാളുകൾ ആണ് നല്ലത്. സമയം കിട്ടുമ്പോൾ ഒക്കെ വീഡിയോ കോൾ ചെയ്യുക. അത് അകലം കുറയ്ക്കും.
അകലം താൽക്കാലികം ആണെന്ന ഒരു തോന്നൽ ഇരുവർക്കുമിടയിൽ ഉണ്ടാകണം. അടുത്ത കൂടിക്കാഴ്ച എന്ന് എന്ന് ഇന്ന് തന്നെ ഫിക്സ് ചെയ്യാം. അതിനു വേണ്ടി കാത്തിരിക്കാം. അത് മാസങ്ങൾ ആയാലും വർഷങ്ങൾ ആയാലും.
സ്വാതന്ത്ര്യം മനുഷ്യന് ഒരു വലിയ സമ്പാദ്യമാണ്. അകലങ്ങളിൽ ഇരുന്ന് നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത്, പങ്കാളിയുടെ സ്വാതന്ത്ര്യം കണ്ടും കേട്ടും അറിയുന്നതാണ്.
നിങ്ങൾ ശാരീരികമായി ഒരുമിക്കുന്നില്ലെങ്കിലും മാനസികമായും വൈകാരികമായും ഒരുമിക്കുകയാണ് വേണ്ടത്. ഒന്ന് ശ്രമിച്ചു നോക്കൂ.