പാലക്കാട് തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊലയ്ക്ക് പിന്നിലെ സൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെന്ന് വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട അനീഷിന്റെ കുടുംബമാണ് പെണ്‍കുട്ടി ഹരിതയുടെ മുത്തച്ഛന്‍ കുമാരേശന്‍ പിളളയെന്ന് വെളിപ്പെടുത്തിയത്. പണം നല്‍കി ഹരിതയെ തിരികെ എത്തിക്കാന്‍ ശ്രമം നടന്നതായും കുടുംബം പറയുന്നു.
അതേസമയം, പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്.
വെളളിയാഴ്ച വൈകുന്നേരമാണ് തേങ്കുറിശ്ശി തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യാപിതാവിനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ്.
സ്‌കൂള്‍ കാലം തൊട്ട് പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്നുമാസം മുമ്പാണ് രജിസ്റ്റര്‍ വിവാഹം കഴിച്ചത്. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരും സാമ്പത്തികമായും രണ്ടു കുടുംബങ്ങള്‍ തമ്മില്‍ അന്തരവും ഉണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താമെന്നായിരുന്നു അനീഷിന്റെ ആദ്യത്തെ പദ്ധതി. പ്രഭുകുമാറിനെ സമീപിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്നാണ് ഹരിതയെ അനീഷ് രജിസ്റ്റര്‍ വിവാഹം നടത്തിയത്.
ഹരിതയുടെ ബന്ധുക്കള്‍ പലവട്ടം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നും അന്ന് കാര്യങ്ങളൊക്കെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വേണ്ട നടപടി ഉണ്ടായില്ലെന്നും അനീഷിന്റെ പിതാവ് ആരോപിച്ചു.