വിനായകന്റെ വിളയാട്ടം: ‘ജയിലറി’ൽ നായകന് മുകളിൽ സ്‌കോർ ചെയ്ത് പ്രേക്ഷകരെ വിറപ്പിച്ച കൊടുംക്രൂരൻ വില്ലനായി വിനായകൻ
സൂപ്പർസ്റ്റാർ രജനികാന്തും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘ജയിലർ’ തീയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുമ്പോൾ ചലച്ചിത്ര ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് പ്രേക്ഷകരെ വിറപ്പിച്ച കൊടുംക്രൂരനായ വിനായകന്റെ വില്ലനെക്കുറിച്ചാണ്. നായകന് മുകളിൽവരെ വിനായകൻ സ്‌കോർ ചെയ്യുമ്പോൾ വിവാദങ്ങൾക്കും മുകളിൽ അയാൾ തന്നിലെ നടനെ എന്നെന്നേക്കുമായി അടയാളപ്പെടുത്തുക കൂടിയാണ്. ജാതിവെറിയുടെയും വർണ്ണ ബോധത്തിന്റെയും വിഴുപ്പുകൾ പേറി വിനായകനെ വേട്ടയാടിയവർക്കുള്ള ഒരു മറുപടിയാണ് ‘ജയിലർ.’ മനുഷ്യന്റെ നിറത്തിലും രൂപത്തിലും സമൂഹം കൽപ്പിച്ചു കൊടുക്കുന്ന മുൻധാരണകളല്ല അവന്റെ കഴിവുകളിലാണ് യഥാർത്ഥ സൗന്ദര്യമെന്നും ഭംഗിയെന്നുമുള്ള മറുപടി.
വിനായകനെ വേട്ടയാടിയ പലർക്കും ജയിലറിലെ ആ വില്ലൻ കഥാപാത്രത്തെ ഒന്ന് കണ്ട് നോക്കാവുന്നതാണ്. ഉള്ളിൽ എത്ര ശത്രുത ഉണ്ടെങ്കിലും അറിയാതെ കയ്യടിച്ചു പോകും, അയാളുടെ അതിതരസാധാരണമായ പ്രതിഭാവിലാസത്തിൽ നാം അറിയാതെ ശിരസ്സു നമിച്ചു പോകും.
വിനായകൻ അഭിനയിച്ചു തകർക്കുകയാണ് ജയിലറിൽ. അയാളുടെ കണ്ണുകൾ ശരീര ഭാഷ എന്നിവയെല്ലാം ചിത്രത്തിലെ വില്ലനെ ശക്തമായി അടയാളപ്പെടുത്തുന്നു. വിനായകന്റെ വിശ്വരൂപങ്ങൾ ഭാഷകൾ കടന്ന് ചർച്ച ചെയ്യപ്പെടുന്നു എന്നത് സന്തോഷം നൽകുന്ന വാർത്തയാണ്.
വിനായകനെ കുറിച്ച് ഇപ്പോൾ തമിഴർക്കും നല്ല ബോധ്യമുണ്ട്, ഫഹദിനെയും ദുൽക്കറിനെയും തിരിച്ചറിയുന്നത് പോലെ ആരാധിക്കുന്നത് പോലെ അവർ ഇനി വിനായകനെയും ഇഷ്ടപ്പെടും ആരാധിക്കും. തോൽവിയിൽ നിന്ന് വലിയൊരു വിജയത്തിലേക്ക് സംവിധായകനായ നെൽസൻ കുതിച്ചുയർന്നപ്പോൾ വിനായകനും വിവാദങ്ങളിൽ നിന്നും വിജയത്തിലേക്ക് ഉയരുകയാണ്.
വിനായകന്റെ അഭിനയവും അഭിമുഖങ്ങളും കണ്ടാണ് ജയിലറിലേക്ക് കാസ്റ്റ് ചെയ്തതെന്ന് നെല്‍സണ്‍ പറയുന്നു. വിനായകന്റെ ലുക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഈ കഥയിലും ഒരു മല്ലു വില്ലനായിരുന്നു ഉണ്ടായിരുന്നതെന്ന് നെല്‍സണ്‍ പറഞ്ഞു.
കഥാപാത്രത്തിന്റെ ചില ബോഡി ലാംഗ്വേജൊക്കെ പറഞ്ഞു കൊടുത്തിരുന്നു. ബാക്കിയൊക്കെ അദ്ദേഹത്തിന്റെ പരകായപ്രവേശമാണ്. കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ച് കഴിഞ്ഞാണ് വിനായകന്റെ ചിത്രങ്ങളിലെ കുറച്ച് സീനുകള്‍ കണ്ടത്.
നെല്‍സൺന്റെ വാക്കുകള്‍ ഇങ്ങനെ:
“വിനായകന്റെ ലുക്ക് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഈ കഥയിലും ഒരു മല്ലു വില്ലനായിരുന്നു ഉണ്ടായിരുന്നത്. തമിഴും മലയാളവും കലര്‍ന്ന സ്ലാങ്ങിലാണ് ആ വില്ലൻ സംസാരിക്കേണ്ടത്. അത് കേള്‍ക്കുന്നവര്‍ക്ക് മനസിലാവുകയും വേണം. വിനായകന്റെ ലുക്കും സംസാര ശൈലിയുമെല്ലാം നന്നായിരുന്നു.
ചില ബോഡി ലാംഗ്വേജൊക്കെ പറഞ്ഞുകൊടുത്തിരുന്നു. ബാക്കിയൊക്കെ അദ്ദേഹത്തിന്റേത് തന്നെയാണ്. കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ച് കഴിഞ്ഞാണ് വിനായകന്റെ ചിത്രങ്ങളിലെ കുറച്ച് സീനുകള്‍ കണ്ടത്. പിന്നെ കുറച്ചു അഭിമുഖങ്ങളും കണ്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ ബോഡി ലാഗ്വേജ് പടത്തിനായി ഉപയോഗിക്കാം എന്ന് വിചാരിച്ചു “
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും അഭിനയിക്കുന്ന വിനായകൻ മോഹൻലാലിന്റെ ‘മാന്ത്രിക’ത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയത്. 2016ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.