കല്പറ്റ: അയോഗ്യത മാറി എം.പി. സ്ഥാനം തിരിച്ചു കിട്ടിയ ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. പുലര്‍ച്ചയോടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് രാഹുല്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂര്‍ എത്തും. അവിടെ നിന്ന് റോഡു മാര്‍ഗമാകും കല്‍പറ്റയിലെത്തുക. 13-ന് വയനാട്ടിലും കോടഞ്ചേരിയിലും നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത് 13-ന് രാത്രി ഡല്‍ഹിക്ക് തിരിച്ചുപോകും.
കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ രാഹുലിന് ശനിയാഴ്ച കല്പറ്റയില്‍ സ്വീകരണമൊരുക്കും. രാഹുല്‍ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും ചടങ്ങില്‍ നിര്‍വഹിക്കും.
ശനിയാഴ്ച മൂന്നരയ്ക്ക് കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.കെ. അഹമ്മദ്ഹാജി എന്നിവര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
അതിനിടെ, രാഹുല്‍ഗാന്ധിയുടെ സ്വീകരണം കോണ്‍ഗ്രസിന്റെ മാത്രം പരിപാടിയാക്കി ചുരുക്കിയതില്‍ മുസ്ലിംലീഗില്‍ കടുത്തപ്രതിഷേധം. പ്രതിഷേധം സ്വീകരണത്തിന് മങ്ങലേല്‍ക്കുന്ന രീതിയില്‍ ശക്തമാവുമെന്ന് വന്നതോടെ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അവസാന നിമിഷം മുസ്ലിംലീഗിനെ അനുനയിപ്പിച്ചു. പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാമെന്ന ധാരണയില്‍നിന്ന് ഇതോടെ ജില്ലാനേതൃത്വം പിന്‍മാറി. എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജില്ലാകമ്മിറ്റി ആഹ്വാനം നല്‍കുകയും ചെയ്തു.