ലക്നൗ: സിമന്റിന് പകരം ചാണകം ഉപയോഗിച്ച് വീട് നിർമ്മിച്ച് ഉത്തര്‍പ്രദേശ് സ്വദേശിയായ കര്‍ഷകൻ.ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൊഹിയുദ്ദീൻപൂര്‍ ഗ്രാമത്തിലെ അരിഹന്ത് ജെയിൻ എന്നയാളാണ് ഇത്തരത്തില്‍ ഒരു പരീക്ഷണം തന്റെ വീട് നിര്‍മ്മാണത്തില്‍ നടപ്പാക്കിയിരിക്കുന്നത്.
പ്രാദേശികമായ സുലഭമായി ലഭ്യമാകുന്ന ഒരു വസ്തു ഉപയോഗിച്ചു കൊണ്ട് തന്നെ ആരോഗ്യപൂര്‍ണവും പ്രകൃതിദത്തവുമായ ഒരു വാസസ്ഥലം ക്രമീകരിക്കാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും എന്നാണ് അരിഹന്ത് ജെയിന്റെ പക്ഷം.പ്രകൃതിയുമായി കൂടുതല്‍ ചേര്‍ന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയതെന്നും ഇയാള്‍ പറഞ്ഞു.
ചാണകം പുരട്ടിയ തന്റെ ജൈവഭവനം തണുപ്പുകാലത്തെ അതികഠിനമായ തണുപ്പില്‍ നിന്നും ചൂടുകാലത്തെ അത്യുഷ്ണത്തില്‍ നിന്നും ആശ്വാസം നല്‍കുമെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രകൃതിയോടുള്ള അഗാധമായ ആരാധനയാണ് തന്നെ ഇത്തരത്തില്‍ മാറി ചിന്തിപ്പിച്ചതെന്നും സിമന്റിന് ബദലായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ ഒന്നാണ് ചാണകം എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല നിര്‍മ്മാണ ചെലവും വളരെയധികം കുറയുമെന്നും ഇദ്ദേഹം പറയുന്നു.