തിരുവനന്തപുരം -മംഗളൂരു റെയിൽപ്പാതയിൽ തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നത് സംബന്ധിച്ചു നടക്കുന്ന ലിഡാർ സർവേ പൂർത്തിയായി.വേഗത കൂട്ടാൻ പാളത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചാണ് സർവേ നടത്തിയത്.ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു സർവേ.
തിരുവനന്തപുരം- ഷൊർണൂർ പാതയിൽ നിലവിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 85 മുതൽ 100 വരെയാണ്.ഷൊർണൂർ -മംഗളൂരു പാതയിൽ അത് മണിക്കൂറിൽ 110 കിലോമീറ്ററാണ്.മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാക്കുക എന്നതാണ് ലക്ഷ്യം.
വേഗത കൂട്ടാൻ പാതയിൽ വളവുകൾ നിവർത്തേണ്ടിവരും. ഇതിന് ബൈപ്പാസ് റെയിൽപ്പാത നിർമിക്കേണ്ടിവരുമെന്നാണ് സൂചന.വേഗമേറിയ തീവണ്ടികളാണ് ബൈപ്പാസ് പാതയിലൂടെ പോവുക. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് ലിഡാർ സർവേ നടത്തിയത്. രണ്ടു മാസത്തിനകം സർവേ റിപ്പോർട്ട് റെയിൽവേക്ക് സമർപ്പിക്കും.