കോട്ടയം: ഞീഴൂർ കനറാ ബാങ്ക് ദിവസക്കൂലി തൊഴിലാളിയുടെ വേതനം അക്കൗണ്ടിൽ ഇടാതെ പണമായി നൽകുന്നതിനെതിരേ, ഓഫീസ് സമയത്തിന് ശേഷം പ്രതിഷേധ പരിപാടി നടത്തിയതിന് സംഘടനാ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരേ പ്രതിഷേധ ധർണ്ണ നടത്തി. സംഘടനാ നേതാവായ കനറാ ബാങ്ക് ജീവനക്കാരന് ബാങ്ക് മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ ബാങ്ക് ജീവനക്കാർ ബി.ഇ.എഫ്.ഐയുടെ നേതൃത്വത്തിൽ കനറാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ സമരം ബി.ഇ.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി.പി. ശ്രീരാമൻ അദ്ധ്യക്ഷനായ യോഗത്തിൽ ബെഫി ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രാജേഷ് ദിവാകരൻ നന്ദിയും പ്രകാശിപ്പിച്ചു. എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, കെ.ഡി. സുരേഷ്, റെന്നി പി.സി. തുടങ്ങിയവർ സംസാരിച്ചു. കാരണം കാണിക്കൽ നോട്ടീസ് പിൻവലിച്ചിലെങ്കിൽ സമരം കനറാബാങ്ക് ശാഖകൾക്ക് മുന്നിലേക്ക് വ്യാപിക്കുമെന്ന് സംഘടനാ നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.