FeatureNEWS

വാഹനങ്ങള്‍ തീപിടിക്കാനുള്ള കാരണങ്ങള്‍, തീ പിടിച്ചാല്‍ എന്തു ചെയ്യണം ?

പലപ്പോഴും ഷോര്‍ട് സര്‍ക്യൂട്ടാണ് ചെറിയ സ്പാര്‍ക്കുകള്‍ക്കും തീ പിടിത്തത്തിനും കാരണമാകാറുള്ളത്. എന്നാല്‍ ഈ തീ ആളിപ്പടരാന്‍ കാരണം അശ്രദ്ധയാണ്. വാഹനങ്ങളില്‍ എക്‌സ്ട്രാ ഫിറ്റിങ് നടത്തുമ്ബോള്‍ വയറുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ട് വയറുകള്‍ തമ്മില്‍ വേണ്ട വിധം ചേരാതെ വരുന്നതും ഗുണമേന്മയിലുള്ള വ്യത്യാസവും ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാകുന്നു.

കുറഞ്ഞ വിലയില്‍ ബേസ് മോഡല്‍ വാഹനം വാങ്ങി ഗുണമേന്മയും വിലയും കുറഞ്ഞ പവര്‍ വിന്‍ഡോ, ഓഡിയോ സിസ്റ്റം, ഫോഗ് ലാമ്ബുകള്‍ തുടങ്ങിയ ഘടിപ്പിച്ച്‌ ഉയര്‍ന്ന വേരിയന്റുകള്‍ ആക്കാനുള്ള നടപടികള്‍ വലിയ അബദ്ധം തന്നെയാണ്.കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്യാതിരിക്കുന്നതും വലിയ അപകടം വരുത്തി വയ്ക്കുന്നു. വാഹനം വാങ്ങുമ്ബോള്‍ കമ്ബനി നല്‍കുന്ന സുരക്ഷയും വാറന്റിയുമെല്ലാം കമ്ബനിയില്‍നിന്ന് വാഹനം എങ്ങനെ ഇറക്കുന്നോ അതിനുമാത്രമേ ഉണ്ടാകൂ. ഷോറൂമുകളില്‍നിന്നു ഘടിപ്പിക്കുന്ന അക്‌സസറികള്‍ക്കു പോലും ഈ പരിരക്ഷയില്ല. അതുകൊണ്ട് ഉയര്‍ന്ന സൗകര്യങ്ങള്‍ വേണ്ടവര്‍ ആ സൗകര്യമുള്ള വേരിയന്റുകള്‍തന്നെ വാങ്ങുന്നതാണ് അഭികാമ്യം.

Signature-ad

തെറ്റായ വയറിങ് ഷോര്‍ട് സര്‍ക്യൂട്ടിന് കാരണമായേക്കാം, ഇത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാം. കൃത്യമായ ഇന്‍സുലേഷന്‍ ഇതില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത് വാഹന ഉടമ തന്നെ പരിശോധിച്ച്‌ ഉറപ്പിക്കണം.കാറില്‍ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നത് തീപിടുത്തത്തിന് കാരണമാകും. ഒരു കാറിന്റെ മെക്കാനിക്കല്‍ ഘടകങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള സമ്മര്‍ദ്ദത്തിന് വിധേയമാകുന്നതാണ്. ഇതിന് ഗുണനിലവാരം ഇല്ലെങ്കില്‍ ഇത് വര്‍ധിച്ച ചൂട് ഉണ്ടാകാനും അതു തീപിടിത്തത്തിലേക്കു നയിക്കാനും കാരണമാവാം.

ട്രാന്‍സ്മിഷന്‍ ഫ്ലുയിഡ്, പവര്‍ സ്റ്റിയറിങ് ഫ്ലുയിഡ്, കൂളന്റ് തുടങ്ങിയ സുപ്രധാന ദ്രാവകങ്ങളുടെ ചോര്‍ച്ച വാഹനങ്ങളിൽ തീപിടിക്കാന്‍ കാരണമാകാം. അതിനാല്‍, വാഹനം രാവില എടുക്കുന്നതിനുമുമ്ബുതന്നെ ഏതെങ്കിലും തരത്തിലുള്ള ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കണം.

കാറിനുള്ളില്‍ പുകവലി പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. സിഗരറ്റില്‍ നിന്നു വീഴുന്ന തീപ്പോരികള്‍ സീറ്റില്‍ വീണാല്‍ത്തന്നെ തീപിടിക്കും. വണ്ടിക്കുള്ളിലെ റെക്‌സിനും സ്‌പോഞ്ചും പ്ലാസ്റ്റിക്കുമെല്ലാം എളുപ്പത്തില്‍ തീ പിടിക്കുന്നതാണ്. സിഗരറ്റ് ലൈറ്റര്‍, തീപ്പെട്ടി എന്നിവ കാറില്‍ വയ്ക്കുന്നത് ഒഴിവാക്കുക.

ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ മറന്നു പോകുന്നവരുണ്ട്. ഇങ്ങനെ പൂട്ടുന്ന ശീലവും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്ബോള്‍ ബോണറ്റിനടിയിലെ തുണിയും ക്ലീനറും തീപിടിക്കാന്‍ സാധ്യതയുണ്ട്.

കരിഞ്ഞമണം, പുക ഇതു രണ്ടും അവഗണിക്കരുത്. പെട്ടെന്നു വണ്ടി നിര്‍ത്തണം. എസി പെട്ടെന്ന് നിലച്ചാലും വണ്ടി നിര്‍ത്തണം. കാറില്‍നിന്ന് ഇറങ്ങണം. ആ സമയം ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറക്കരുത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്ബോള്‍ പതിവില്ലാത്ത ഏതു ലക്ഷണവും അവഗണിക്കാതിരിക്കുക. വാഹനം നിര്‍ത്തിയിടത്തുനിന്ന് എടുക്കമ്ബോള്‍ പാര്‍ക്കു ചെയ്തിരുന്ന ഭാഗത്തു കാണുന്ന ഇന്ധനത്തിന്റെയും ഓയിലിന്റെയും പാടുകള്‍ അവഗണിക്കാതിരിക്കുക.

വാഹനം ഓടിക്കൊണ്ടിരിക്കുമ്ബോള്‍ തീപിടിച്ചാല്‍ പേടിക്കാതെ തന്നെ വാഹനം നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തീ പിടിക്കാന്‍ സാധ്യതയുള്ള പെട്രോള്‍ പമ്ബിന്റെയും മറ്റും സമീപത്ത് വാഹനം നിര്‍ത്താതിരിക്കാനും ശ്രദ്ധ വേണം. കാറിനുള്ളില്‍ ഒരു ചെറിയ ഫയര്‍ എക്സ്റ്റിങ്യൂഷര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.

വാഹനം നിര്‍ത്തിയ ശേഷം വേഗം തന്നെ ഇഗ്‌നിഷന്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും കാറില്‍ നിന്ന് ഇറങ്ങുകയും ചെയ്യുക. കൂടെയുളളവരെ സുരക്ഷിതമായി പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്യണം. ഇഗ്‌നിഷന്‍ ഓഫ് ചെയ്യുന്നതിന് മുമ്ബ് എല്ലാ ഡോറുകളും വിന്‍ഡോകളും അണ്‍ലോക്ക് ചെയ്തിട്ടുണ്ട് എന്നത് ഉറപ്പാക്കണം.

തീ അണച്ചു കഴിഞ്ഞാല്‍ ഒരിക്കലും വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് വാഹനം അവിടെ നിന്നും മാറ്റുകയാണ് വേണ്ടത്. തീപിടുത്തം മൂലമുണ്ടായ നാശനഷ്ടങ്ങളും കാറിനുണ്ടായ കുഴപ്പങ്ങളും കൃത്യമായി മനസിലാക്കുകയും ഇന്‍ഷൂറന്‍സ് കമ്ബനിയുമായി ബന്ധപ്പെടുകയും ചെയ്യുക.

Back to top button
error: