Movie

സിദ്ദിഖും ലാലും പിന്നെ ചിരിയുടെ കുടമാറ്റം തീർത്ത മലയാള സിനിമയുടെ വസന്തകാലവും

ജിതേഷ് മംഗലത്ത്

‘റാംജിറാവ് സ്പീക്കിംഗി’ന്റെ കഥ പറയാൻ വേണ്ടി സിദ്ധിഖും ലാലും ഗുരുവായ ഫാസിലിനെ കാണാൻ പോയ കഥ മൂവരും പറയുന്നത് പലപ്പോഴായി കേട്ടിട്ടുണ്ട്. ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ പറച്ചിലായിരുന്നില്ലത്രെ അത്. മറിച്ച് ക്ലൈമാക്സിൽ നിന്ന് തുടങ്ങി പുറകിലേക്കു പോകുന്ന ഒരു പാറ്റേണിലായിരുന്നു അവരന്ന് വിവരിച്ചത്. അതു വരെ മോളിവുഡ് കണ്ടുശീലിച്ച കഥ പറച്ചിലുകളുടെ ടെംപ്ലേറ്റ് ഡീകൺസ്ട്രക്ഷന്റെ ആദ്യപരീക്ഷണങ്ങളിലൊന്നിനാണ് ഫാസിലന്ന് വിധേയനായത്. ഡോ. ബാലകൃഷ്ണനിൽ തുടങ്ങി ബാലചന്ദ്രമേനോനിലൂടെയും, സത്യൻ അന്തിക്കാടിലൂടെയും, പ്രിയദർശനിലൂടെയും പുതുവഴികൾ തേടിയ കമേഴ്സ്യൽ മോളിവുഡിന്റെ ഹ്യൂമർ ജോണർ ഘടനാപരമായി അതിന്റെ ഏറ്റവും വിപ്ലവാത്മകമായ ഘട്ടമാരംഭിക്കുന്നത് ‘റാംജിറാ’വിനു ശേഷം വരുന്ന ‘ഇൻ ഹരിഹർ നഗറി’ ലൂടെയാണെന്നാണ് ഈ ലേഖകന്റെ പക്ഷം.

Signature-ad

ഇൻ ഹരിഹർ നഗർ ഒരു പാത്ത് ബ്രേക്കിംഗ് മൂവിയാകുന്നത് അത് തുറന്നിട്ടു കൊടുത്ത ‘നാൽവർ സംഘ കോമഡികളു’ടെ വസന്തകാലം കൊണ്ടു മാത്രമല്ല. നായകകേന്ദ്രീകൃതമായ തിരക്കഥകളിൽ നിന്നു മാറി പുതിയൊരു പാത കണ്ടെത്താനും മിനിമം ബജറ്റിൽ നിന്നുകൊണ്ട് ഇൻഡസ്ട്രിക്ക് ബലം നൽകുന്ന തരത്തിൽ ഹിറ്റുകൾ സൃഷ്ടിക്കാനും പ്രേരണയായത് ഹരിഹർ നഗറിന്റെ അഭൂതപൂർവ്വമായ വിജയമാണ്. സിദ്ധിഖ്- ലാൽ ടീമിന്റെ ചിത്രങ്ങളിലോരോന്നും അത്രയേറെ ഇഷ്ടമാകുമ്പോഴും ഹരിഹർ നഗറിന്റെയും, ഗോഡ് ഫാദറിന്റെയും സ്ക്രിപ്റ്റുകളോട് ഒരു തരി ഇഷ്ടം കൂടുതലുണ്ട്. അതിൽത്തന്നെ ഹരിഹർ നഗർ വ്യക്തിപരമായി ഹൃദയത്തോട് ഏറ്റവുമധികം ചേർന്നു നിൽക്കുന്നു.

ഇൻ ഹരിഹർ നഗർ സത്യത്തിൽ വളരെ സങ്കീർണ്ണമായ ഒരു സ്ക്രിപ്റ്റ് അറ്റംപ്റ്റ് ആണെന്ന് തോന്നിയിട്ടുണ്ട്. ഒരർത്ഥത്തിൽ സിദ്ധിഖിന്റെയും ലാലിന്റെയും മാസ്റ്റർപീസ് സൃഷ്ടി. കോമഡിയും, ഡ്രാമയും, ത്രില്ലറും, ഇൻവെസ്റ്റിഗേഷനും തുടങ്ങി പല ലെയറുകളുണ്ടണ്ടതിൽ. പക്ഷേ അങ്ങേയറ്റം സിംപിളായാണ് അതിനെ സിദ്ധിഖും ലാലും പ്രൊസസ് ചെയ്യുന്നത്. ജോണർ ഷിഫ്റ്റിലെത്തുമ്പോൾ ഗിയർ മാറുന്നത് കാഴ്ച്ചക്കാരന് തിരിച്ചറിയാൻ പറ്റാത്തത്ര സ്മൂത്തായാണ്. ഹരിഹർ നഗറിന്റെ ടൈറ്റിൽ കാർഡുകളുടെ വിന്യാസമൊന്നോർത്തു നോക്കൂ. അവയ്ക്കിടയിൽ പറഞ്ഞുവെക്കുന്ന സംഭവപരമ്പരകളുടെ വിഷ്വലുകൾ സത്യത്തിൽ ഹരിഹർ നഗർ ഒരു ഔട്ട്& ഔട്ട് റിവഞ്ച് ഡ്രാമയായിരുന്നെങ്കിൽ സിദ്ധിഖും, ലാലും എത്ര ഇന്നൊവേറ്റീവായിട്ടായിരിക്കും അതിനെ പരിചരിക്കുക എന്നതിന്റെ ഒരു രേഖാചിത്രം വരച്ചിടുന്നുണ്ട്.

ഒരു ബാഗിന്റെ യാത്രയിലൂടെയാണ് ടൈറ്റിൽ കാർഡ് ഇതൾ വിരിയുന്നത്. കഥാപാത്രങ്ങളെ വ്യക്തമായി കാണിക്കാതെ ബാഗിന്റെ പി.ഒ.വിയിൽ വളരെ ടൈറ്റായാണ് ദൃശ്യങ്ങളെ വിന്യസിക്കുന്നത്. വർദ്ധിച്ചു വരുന്ന ടെൻഷനെ ഭംഗിയായി എലവേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു ക്ലാസിക്കലി റിവറ്റിംഗ് ബാക്ക് ഗ്രൗണ്ട് സ്കോർ കൂടിയാകുമ്പോൾ ഒരു പെർഫക്ട് നിയോ- നോയർ ഡ്രാമ അൺഫോൾഡഡാകുകയാണ്. നടത്തത്തിൽ നിന്നും ഓട്ടത്തിലേക്കുള്ള മാറ്റം അരയ്ക്കു താഴെയുള്ള ആംഗിളിൽ നിന്നുള്ള ഷോട്ടുകളിലൂടെ ടെൻഷനെ കൂട്ടുന്നു. ഒടുക്കം നീട്ടപ്പെടുന്ന റിവോൾവറിന്റെ ഷോട്ടും, ബുള്ളറ്റേറ്റ് രക്തം കാറിന്റെ ഗ്ലാസിലേക്ക് തെറിക്കുന്ന ഷോട്ടും കൂടിയാകുമ്പോൾ ഇത് മലയാളി എക്കാലത്തും ഓർത്തുവെക്കാൻ പോകുന്ന ഒരു കൾട്ട് കോമഡി ചിത്രമായിരിക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല.

പക്ഷേ മുംബൈയിൽ നിന്ന് ചിത്രം ഹരിഹർ നഗറിലേക്ക് കാലു കുത്തുന്നതോടെ ഗിയർ ഷിഫ്റ്റാകുകയാണ്. റാംജിറാവിൽ, ദാരിദ്ര്യവും തൊഴിലില്ലായ്മയും തീർക്കുന്ന നിവൃത്തികേടാണ് നർമ്മത്തിന്റെ ബാക്ക്ഡ്രോപ്പിൽ ചിരി തീർക്കുന്നതെങ്കിൽ ഹരിഹർ നഗർ കോളനി സംസ്കാരത്തിലേക്ക് കാൽ കുത്തിയ മിഡിൽ ക്ലാസ് യുവത്വത്തിന്റെ കമിംഗ് ഓഫ് ദി ഏജ് കോമഡിയായിരുന്നു. റാംജിറാവിലെ നായകർ നമ്മൾ തന്നെയായിരുന്നു എങ്കിൽ ഹരിഹർ നഗറിലേത് നമ്മളാകാൻ ആഗ്രഹിച്ചവരായിരുന്നു. അവരെ നമ്മളിലേക്കെത്തിക്കലും, താദാത്മ്യപ്പെടുത്തലും അത്രയനായാസമായ കാര്യവുമായിരുന്നില്ല.
ഫ്ലർട്ടിംഗ് എന്നുമെപ്പോഴും കോമഡിയ്ക്ക് വകുപ്പുള്ള വിഷയമാണെന്ന ധൈര്യത്തിലാണ് സെക്കൻഡ് ഹാഫിലേക്കുള്ള ടോൺ ഷിഫ്റ്റിനെ ആദ്യപകുതിയിലെ ക്രാക്കേഴ്സിനെക്കൊണ്ട് സിദ്ധിഖും ലാലും കോമ്പൻസേറ്റ് ചെയ്യുന്നത്.

ഹരിഹർ നഗറിന്റെ ആദ്യ പകുതിയിൽ ഏതു കാഴ്ചയിലും ഏറെ ആകർഷിക്കുന്ന ഭാഗം നായിക കുളിക്കുന്നതു കാണാൻ നാൽവരും പോകുന്ന രംഗമാണ്. സ്ക്രിപ്റ്റിംഗിലെ ഒതുക്കവും, ഷോട്ട് ഡിവിഷന്റെ കൃത്യതയും പിന്നെ എഡിറ്റിങ്ങിന്റെ ചടുലതയും കൂടിച്ചേരുമ്പോൾ മലയാളത്തിലെ ഏറ്റവും ചിരിയുൽപ്പാദിപ്പിക്കുന്ന എട്ടുപത്തു മിനിറ്റുകളാവുന്നുണ്ടത്. സംഘത്തിൽ മുകേഷിനുള്ള അപ്രമാദിത്വവും, ജഗദീഷിന്റെ ഡിസിഷൻ മേക്കിംഗ് പ്രശ്നങ്ങളും മാത്രമല്ല സിദ്ധിഖിന്റെയും അശോകന്റെയും ട്രെയിറ്റുകൾ വരെ കൗശലപൂർവം ആ സീനിൽ അടയാളപ്പെടുത്തുന്നുണ്ട്. ഗീതാ വിജയന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അവരുടെ പാളിപ്പോകുന്ന ശ്രമങ്ങൾ സൃഷ്ടിക്കുന്ന പൊട്ടിച്ചിരികൾക്കിടയിലും സിദ്ധിഖും, ലാലും അവധാനതയോടെ നെയ്തു വെക്കുന്ന അന്വേഷണാത്മകമായ ത്രിൽ ജോൺ ഹോനായിയുടെ രംഗപ്രവേശത്തോടെ ഒരു ക്ലാസിക്കൽ ത്രില്ലറിലേക്ക് പൾസേറ്റ് ചെയ്യുന്നു. ഹോനായിയുടെ ഇൻട്രൊഡക്ഷൻ സീനൊക്കെ എടുത്തു വെച്ചിരിക്കുന്ന സട്ടിലിറ്റി കാലഘട്ടത്തിനെ അതിജീവിക്കുന്ന തരത്തിലുള്ളതാണ്. നരേറ്റീവ് നായകരിൽ നിന്നും, നായികയിലേക്കും, കവിയൂർ പൊന്നമ്മയിലേക്കും നീങ്ങുന്നത് അതിസൂക്ഷ്മമായാണ്. ഒടുക്കം അത് ഹോനായിയിലെത്തുമ്പോഴാണ് ത്രില്ലർ/റിവഞ്ച് ഡ്രാമ ജോണർ സ്വഭാവം കൈവരിച്ചിരിക്കുന്നുവെന്ന് പ്രേക്ഷകൻ തിരിച്ചറിയുന്നത്. അത്രമേൽ കണ്ണിംഗായ ഒരു അറ്റൻഷൻ ഹീസ്റ്റാണ് നാൽവരുടെ ഫ്ലർട്ടിംഗ് കോമഡി കൊണ്ട് സിദ്ധിഖും, ലാലും നടത്തുന്നത്.
പ്രതിനായകനെ കായബലം കൊണ്ട് കീഴടക്കുന്ന നായകനെ കണ്ട് ശീലിച്ചവർക്കിടയിലേക്ക് അപ്രതീക്ഷിതമായ ആംഗിളിൽ കൊല്ലപ്പെടുന്ന വില്ലനെ ഷോകേസ് ചെയ്ത് അവർ നമ്മളെ വീണ്ടും അത്ഭുതപ്പെടുത്തുന്നുണ്ട്.

ഇൻ ഹരിഹർ നഗർ കുറച്ചുകൂടി ആഴത്തിലുള്ള അവലോകനം ആവശ്യപ്പെടുന്ന ഒരു വൺ ഓഫ് എ കൈൻഡ് സ്ക്രിപ്റ്റാണ് എന്നു തന്നെയാണ് എന്റെ നിരീക്ഷണം. പാശ്ചാത്യസിനിമകളുടെ പ്രചോദനമുണ്ടായിട്ടുണ്ടാകാം എങ്കിൽ പോലും അത് സ്ക്രിപ്റ്റുകളുടെ പാറ്റേൺ ടാബൂ ബ്രേക്ക് ചെയ്യുന്ന വിധം ഗൗരവതരമായ അഭിനന്ദനം അർഹിക്കുന്നുണ്ട്. സിദ്ധിഖും ലാലും അവർ തന്നെ തങ്ങളുടെ ആദ്യ മൂന്ന് ചിത്രങ്ങളിലൂടെ സെറ്റ് ചെയ്തു വെച്ച അമാനുഷികമായ സ്റ്റാൻഡേർഡുകളുടെ രക്തസാക്ഷികളാണ് എന്ന് തോന്നാറുണ്ട്. ഹരിഹർ നഗറിനും, ഗോഡ് ഫാദറിനും ശേഷം അവയ്ക്കു മുകളിൽ ഒരു കമേഴ്സ്യൽ സ്ക്രിപ്റ്റ് എന്നത് ഏറെക്കുറെ അസാധ്യം തന്നെയായിരുന്നു.

സിദ്ധിഖ്-ലാൽ കോമ്പിനേഷൻ ബ്രേക്കാവുന്നത് ശരിക്കും ഇപ്പോഴാണ്. ഇപ്പോഴാണ് ലാൽ ഒറ്റയ്ക്കായി പോകുന്നത്; ലാൽ ഒറ്റയ്ക്കായെന്ന് നമ്മൾ തിരിച്ചറിയുന്നത്.

Back to top button
error: