കോട്ടയം: തലയാഴത്ത് കാർഷികമൂല്യ വർദ്ധിത ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ദ് ടേസ്റ്റ് ഓഫ് തലയാഴം എന്ന പേരിൽ ആരംഭിച്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഭക്ഷ്യോത്പന്നങ്ങൾ തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണിക്ക് കൈമാറി. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബിയുടെ നിർദ്ദേശപ്രകാരം 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷൻ, കുമരകം കാർഷിക വിജ്ഞാനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് കോമൺ ഫെസിലിറ്റി സെന്റർ തലയാഴം തോട്ടകത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് വക കെട്ടിടത്തിൽ ആരംഭിച്ചത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
തലയാഴം കൂടാതെ സമീപ പഞ്ചായത്തുകളിലെ കർഷകർക്ക് കൂടി ഗുണകരമാകുന്ന വിധമാണ് ജില്ലാ പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കാർഷിക ഉത്പന്നങ്ങൾ സംസ്കരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ട് വാങ്ങി സംസ്കരിക്കും. കൂടാതെ കർഷകർക്കും സ്ഥാപനങ്ങൾക്കും കാർഷികവിളകൾ ഫെസിലിറ്റി സെന്ററിൽ എത്തിച്ച് നിശ്ചിത ഫീസ് നൽകി ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റാനും അവസരമൊരുക്കും. വിവിധ തരം അച്ചാറുകൾ, ചിപ്സ്, ചമ്മന്തിപ്പൊടി, സ്ക്വാഷ്, ജാം, ധാന്യ പൊടികൾ, ചക്ക ഉൽപ്പന്നങ്ങൾ, മൂല്യ വർദ്ധിത മത്സ്യ ഉൽപ്പന്നങ്ങൾ, മരച്ചീനി ഉൽപ്പന്നങ്ങൾ, വിവിധതരം കറിപ്പൊടികൾ, തുടങ്ങിയ നൂറോളം ഉത്പന്നങ്ങളാണ് ഫെസിലിറ്റി സെന്ററിലൂടെ ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നത്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത, തലയാഴം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ദേവരാജൻ, രമേശ് പി ദാസ്, ടി.മധു, കെ.വി. ഉദയപ്പൻ, ഷീജ ബൈജു, ഭൈമി വിജയൻ, റോസി ബാബു, എം.എസ്. ധന്യ, ഷീജ ഹരിദാസ്, കെ. ബിനിമോൻ, സിനി സലി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ അനൂപ്, കുടുംബശ്രീ ചെയർപേഴ്സൺ സവിത ശ്രീനാഥ് എന്നിവർ പങ്കെടുത്തു.