Lead NewsNEWS

ജോസഫിനെ തറപറ്റിച്ച ജോസ് കെ മാണിക്ക് പിന്നാലെ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം നേതാക്കൾ,” നോ” പറഞ്ഞ് ജോസ് കെ മാണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിൽ ജോസ് കെ മാണിയുടെ ശക്തിയെ സംബന്ധിച്ച് നേതാക്കൾക്കിടയിൽ തന്നെ ആശങ്കയുണ്ടായിരുന്നു. ജോസഫ് എന്ന അതികായൻ അപ്പുറത്ത് നിൽക്കുമ്പോൾ ജോസ് കെ മാണി വെറും “ശിശു” എന്നതായിരുന്നു കേരള കോൺഗ്രസ് എമ്മിന് ഉള്ളിൽ തന്നെയുള്ള ചർച്ച. അതുകൊണ്ടുതന്നെ ജോസ് കെ മാണിയെ ഉപേക്ഷിച്ച് കെഎം മാണിയുടെ വിശ്വസ്തർ ഒന്നിന് പുറകെ ഒന്നായി ജോസഫ് ക്യാമ്പിലേക്ക് ചേക്കേറി.

എന്നാൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ജോസ് കെ മാണി തന്റെ കരുത്ത് തെളിയിച്ചു. ജോസഫ് ആകട്ടെ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. ഈ പശ്ചാത്തലത്തിൽ കെഎം മാണിയുടെ വിശ്വസ്തരായ നേതാക്കൾ ജോസ് കെ മാണി ക്യാമ്പിലേക്ക് ചേക്കേറാനുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ്.

Signature-ad

ജോസഫ് വിഭാഗത്തിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് ഇത്തരത്തിൽ നിർണായകഘട്ടത്തിൽ ജോസ് കെ മാണിയെ ഉപേക്ഷിച്ച് ജോസഫ് ക്യാമ്പിലേക്ക് പോയ ആളാണ്. എന്നാൽ ഇപ്പോൾ തിരിച്ചുവരവിന് സാധ്യത തേടുകയാണ് വിക്ടർ ടി തോമസ്. കഴിഞ്ഞദിവസം പാലായിൽ ജോസ് കെ മാണിയുടെ വീട്ടിലെത്തി വിക്ടർ ടി തോമസ് ജോസ് കെ മാണിയെ നേരിൽ കണ്ടു. തന്നെ പാർട്ടിയിൽ എടുക്കണം എന്നായിരുന്നു വിക്ടർ ടി തോമസിന്റെ അഭ്യർത്ഥന. എന്നാൽ ജോസ് കെ മാണി ഇത് നിരാകരിച്ചു. തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാനാകില്ല എന്നായിരുന്നു ജോസ് കെ മാണിയും വിക്ടർ ടി തോമസിന് നൽകിയ മറുപടി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോസഫ് ക്യാമ്പിൽ കയറിപ്പറ്റിയ ജോസഫ് എം പുതുശ്ശേരിയും തിരിച്ചുള്ള വഴി തേടുകയാണ്. മധ്യസ്ഥർ മുഖേന ജോസ് കെ മാണിയെ ബന്ധപ്പെടാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ ഇക്കാര്യത്തിലും വിക്ടർ ടി തോമസിനോട് സ്വീകരിച്ച നിലപാടാണ് ജോസ് കെ മാണി സ്വീകരിക്കുക എന്നാണ് അറിയുന്നത്.

Back to top button
error: