അക്ഷയ സെന്ററുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അക്ഷയ സെന്ററിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ വേണ്ടിയായിരുന്നു പരിശോധനാ നടപടി. സേവനങ്ങള്‍ക്കായി അക്ഷയ സെന്റര്‍ നടത്തിപ്പുകാര്‍ പൊതു ജനങ്ങളില്‍ നിന്ന് അമിത തുക ഈടാക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പാലിക്കപ്പെടുന്നില്ലെന്നും വിവരമുണ്ട്. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന.
അമിത ഫീസ് വാങ്ങുന്നത് പിടികൂടാൻ കഴിഞ്ഞിട്ടില്ലെങ്കിലും പലയിടത്തും സേവനത്തിന് ഈടാക്കുന്ന നിരക്കുകൾ രേഖപ്പെടുത്തിയ ബോർഡുകൾ പ്രദർശിപ്പിച്ചിട്ടില്ലെന്ന് വിജിലൻസ് സംഘം ചൂണ്ടിക്കാട്ടി. ഇതുകൂടാതെ സേവനത്തിന് എത്തുന്ന പൊതുജനങ്ങളോട് ദാർഷ്ട്യത്തോടെ പെരുമാറുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രമക്കേട് സംബന്ധിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് ജില്ലാ കളക്ടർക്കും അക്ഷയ ജില്ലാ കോർഡിനേറ്റർക്കും നൽകുമെന്ന് വിജിലൻസ് വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാറിന്റെ നിർദേശ പ്രകാരമാണ് സംസ്ഥാന വ്യാപകമായി 130 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പരിശോധനയിൽ പങ്കെടുത്തു.
ഇതിനിടെ സംസ്ഥാന വ്യാപകമായി നടന്ന വിജിലന്‍സ് റെയ്ഡിനെതിരെ അക്ഷയ സെന്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. അക്ഷയ കേന്ദ്രങ്ങളില്‍ ഓപറേഷന്‍ ഇ-സേവ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന പരിഹാസ്യമാണെന്ന് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് അക്ഷയ ഭാരവാഹികള്‍ ആരോപിച്ചു. 2010 മുതല്‍ ആണ് അക്ഷയ കേന്ദ്രങ്ങളില്‍ ഇ-സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇത്തരം സര്‍വീസുകള്‍ക്ക് നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് 2018 ൽ നിശ്ചയിച്ചതാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി സര്‍ക്കാരിനോടും ഐടി മിഷനോടും നിവേദനങ്ങള്‍ വഴിയും സമരങ്ങളും നടത്തി സര്‍വീസ് ചാര്‍ജ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍കാര്‍ നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് പ്രകാരം തന്നെയാണ് കേരളത്തിലെ 3500 ഓളം അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
അഞ്ചു വര്‍ഷക്കാലമായി ദൈനംദിന ജീവിതത്തില്‍ വന്ന വലിയ വിലവര്‍ധന ബാധിക്കാതെ തൊഴില്‍ മേഖലയായി അക്ഷയ മാറി. ജീവനക്കാരുടെ ശമ്പളം, ഓഫീസ് ചെലവ്, വൈദ്യുതി, ഇന്റര്‍നെറ്റ്, തുടങ്ങിയ മേഖലയാകെ ദിവസം തോറും വര്‍ദ്ധന വന്നിട്ടും സേവന നിരക്കില്‍ ഒരു മാറ്റവും അയ കേന്ദ്രത്തില്‍ വന്നിട്ടില്ല. 130 രൂപ കഴിഞ്ഞ ഹോം മാസ്റ്ററിങിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ ഇത്തവണ അത് 50 രൂപയായി വെട്ടിക്കുറച്ചു.
അക്ഷയ കേന്ദ്രത്തിന് ചുറ്റും സമാന്തര ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്റുകള്‍ എന്നിവ വര്‍ദ്ധിച്ചു വരികയും അതിനെ തടയാതെ സര്‍ക്കാറിന്റെ ഉത്തരവുകള്‍ ഫയലില്‍ ഉറങ്ങുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം സമാന്തര കേന്ദ്രങ്ങളിലൂടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റ് ക്രമക്കേടുകകളും നടക്കുന്നുവെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുമുണ്ട്.
എന്നാല്‍ അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കുവാനും നടപടിയെടുക്കാനും വിവിധ ഉത്തരവുകള്‍ നിലവിലുണ്ട്. എന്നാല്‍ അത്തരം കേന്ദ്രങ്ങളില്‍ യാതൊരു പരിശോധനകളും നടത്താതെ ജില്ലാ കലക്ടര്‍ ചെയര്‍മാന്‍ ആയ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയയില്‍ പരിശോധന നടത്തുന്നത് വിരോധാഭാസമാണ്. നിലവിലെ എഗ്രിമെന്റ് പ്രകാരം ജില്ലാ ഓഫിസ് ജീവനക്കാര്‍ക്കും സെന്ററില്‍ വിസിറ്റ് ചെയ്യാനും പരിശോധിക്കാനും കഴിയുമെന്നിരിക്കെ വിജിലന്‍സിനെ അക്ഷയ കേന്ദ്രങ്ങളിലേക്ക് വിട്ടത് പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളോടുളള വിശ്വാസ്യത തകര്‍ക്കുന്ന നിലയാണ് ഉണ്ടായത് എന്നും ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.