ഗുഡ്ഗാവ്:ഹരിയാനയിലെ വര്‍ഗീയ കലാപത്തിലേക്ക് നയിച്ച പ്രകോപനപരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പശുസംരക്ഷകൻ ബിട്ടു ബജ്റംഗിക്കെതിരെ കേസ്.
കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനില്‍ ഇയാള്‍ നടന്നുപോകുന്ന വിഡിയോയില്‍ ആയുധങ്ങള്‍ കാണിക്കുകയും മുസ്‍ലിംകള്‍ക്കെതിരായ പ്രകോപന ഗാനം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫരീദാബാദിലെ ദാബുവ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ കലാപത്തിലേക്ക് നയിച്ച വി.എച്ച്.പി റാലിയില്‍ ബിട്ടു ബജ്റംഗിയും പങ്കെടുത്തിരുന്നു.
കലാപത്തില്‍ രണ്ട് ഹോം ഗാര്‍ഡുമാരും പള്ളി ഇമാമുമടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീര്‍ ആള്‍ക്കൂട്ടക്കൊല കേസുകളില്‍ പ്രതിയുമായ മോനു മനേസരാണ് യാത്ര സംഘടിപ്പിച്ചത്.