KeralaNEWS

‘ജി.സുകുമാരന്‍ നായരുടേത് വരേണ്യജാതി വര്‍ഗീയ ബോധത്തിന്റെ പുളിച്ചുതികട്ടൽ’ എന്ന് സി.പി.എം, ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത് സുകുമാരൻ നായരല്ലെന്ന് വെള്ളാപ്പള്ളി

    ജി.സുകുമാരന്‍ നായരുടേത് വരേണ്യജാതി വര്‍ഗീയ ബോധത്തിന്റെ പുളിച്ചുതികട്ടലാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി കുഞ്ഞികണ്ണന്‍. വിഭജനവും വിദ്വേഷവും ഉണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയില്‍ സുകുമാരന്‍ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസ് പ്രതിഷേധത്തിന് പ്രതികരിക്കുകയായിരുന്നു കെ.ടി കുഞ്ഞികണ്ണന്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

Signature-ad

പതിനെട്ടു വർഷം ദണ്ഡും പിടിച്ച് നടന്ന ഒരു ആർ എസ് എസുകാരനായ സുകുമാരൻനായരുടെ ഗണപതി ആരാധനക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ ഹിന്ദുമത വിശ്വാസികളുൾപ്പെടെയുള്ള മതനിരപേക്ഷ സമൂഹത്തിന് മനസിലാക്കാവുന്നതേയുള്ളൂ… വിഭജനവും വിദ്വേഷവുമാണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയിൽ ആ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികം. സുകുമാരൻ നായരുടേത് വരേണ്യജാതിവർഗീയ ബോധത്തിൻ്റെ പുളിച്ചു തികട്ടലുകളാണെന്ന് ഏത് നായർക്കും തിയ്യനും പുലയനും മാപ്പിളക്കും മനസിലാവും.

മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ള സമുദായപരിഷ്ക്കരണവാദികൾ അസഹനീയവും അശ്ലീലവുമായി കാണുകയും എതിർക്കുകയും ചെയ്ത ബ്രാഹ്മണാധികാരത്തിൻ്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആർ.എസ്.എസിൻ്റെ അജണ്ടയിലാണ് സുകുമാരൻ നായർ കയറി പിടിച്ചിരിക്കുന്നത്.

ആർ.എസ്.എസിൻ്റെ പന്തിയിലിരുന്നുള്ള കളിയാണിത്. അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോൺഗ്രസുകാർ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിൻ്റെ വർഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്.

സുകുമാരൻനായരെ ഓർത്തല്ല ഹിന്ദുത്വത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് മീൻപിടിക്കാനിറങ്ങുന്ന കോൺഗ്രസുകാരെ ഓർത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. അവരെയാണ് ഭയപ്പെടേണ്ടത്.

ഇങ്ങനെ സംഘി അജണ്ടയിൽ കളിച്ച് കളിച്ചാണ് ആസാമിലും മണിപ്പൂരിലും മേഘാലയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യു പി യിലുമെല്ലാം കോൺഗ്രസുകാർ ബിജെപിയായത്. യു പിയിൽ റീത്തബഹുഗുണ മുതൽ ആസാമിൽ ഹിമന്ത് ബിശ്വാസ് ശർമ്മ വരെ.

മണിപ്പൂരിൽ ഗോത്ര – ക്രൈസ്തവ ജനതയുടെ രക്തം കുടിച്ച് മരണനൃത്തമാടുന്ന ബീരെൻ സിംഗ് 2016 വരെ കോൺഗ്രസ് നേതാവായിരുന്നല്ലോ.

ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത് സുകുമാരൻ നായരല്ലെന്നും മുതലെടുപ്പിന് അവസരം നൽകരുതെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതപ്പോര് അനാവശ്യമാണ്. രാജി വെക്കാൻ പറയേണ്ടത് പദവി നൽകിയവരാണ്. ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഷംസീർ തിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു:

‘ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹിന്ദുവികാരം ഉണ്ടാക്കിയെന്ന് പറഞ്ഞ് കേട്ടു. മുതലെടുപ്പിന് അവസരം നൽകരുത്. സാഹചര്യം കൂടുതൽ വഷളാക്കരുത്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. സ്പീക്കർ രാജി വെക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്.’ വെള്ളാപ്പള്ളി പറഞ്ഞു.

Back to top button
error: