ശോഭാസുരേന്ദ്രനെതിരെ നടപടിയില്ല, ഒന്നിച്ചു പോകണം എന്ന് ദേശീയ നേതൃത്വം
സജീവ ബിജെപി പ്രവർത്തനത്തിൽ നിന്ന് അകന്നുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ കരുതലോടെ കൈകാര്യം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന് എതിരെ നടപടിയ്ക്ക് തുനിയരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ശോഭ പാർട്ടിയിൽ സജീവമാകും.എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും ദേശീയ നേതൃത്വത്തിന്റെ പ്രതിനിധി പ്രഭാരി സി പി രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം കോർ കമ്മിറ്റിയിലെ പ്രമുഖ നേതാക്കൾ ഇന്ന് ശോഭാസുരേന്ദ്രന് എതിരെ രംഗത്ത് വന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് കൊടിയ അപരാധമാണെന്നും നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
ശോഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് വ്യക്തിപരമായ വിഷയം മൂലമാണെന്നാണ് സി പി രാധാകൃഷ്ണൻ പ്രതികരിച്ചത്. ശോഭയോ സംസ്ഥാന നേതൃത്വമോ പരസ്പരം പരാതി നൽകിയിട്ടില്ല. നിയമസഭാതിരഞ്ഞെടുപ്പ് മുൻനിർത്തി കരുതലോടെ മുന്നോട്ട് പോകണം എന്നാണ് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹമെന്ന് സി പി രാധാകൃഷ്ണൻ നേതാക്കളോട് പറഞ്ഞു.