തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് കനത്ത തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് മുൻമന്ത്രി കൂടിയായ പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ കാണേണ്ടത്. യു ഡി എഫിനെ ഇപ്പോൾ നയിക്കുന്നത് ലീഗാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കൂട്ടിച്ചേർക്കുമ്പോൾ എൽഡിഎഫ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എങ്ങനെ കാണുന്നു എന്നത് വ്യക്തമാണ്.
കുഞ്ഞാലിക്കുട്ടിയുടെ വരവിനെ വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് എൽഡിഎഫും ബിജെപിയും. നിലവിലെ പ്രത്യേക സാഹചര്യം കാരണം ആണ് പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് എന്നാണ് ലീഗിന്റെ അഭിപ്രായം. എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്നും എന്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്ത് കൊണ്ടുവരുന്നതെന്നും ലീഗ് വിശദീകരിക്കുന്നില്ല.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കാനുള്ള ചുമതല പി കെ കുഞ്ഞാലിക്കുട്ടിക്ക് ആയിരുന്നു. എന്നാൽ യുഡിഎഫിന് ഇത് കാര്യമായി മെച്ചം ഉണ്ടാക്കിയില്ല എന്ന് പറയാം. കോൺഗ്രസിന്റെ ശക്തിക്ഷയം മുന്നിൽ കണ്ടാണ് പി കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ലീഗ് ആനയിക്കുന്നത് എന്ന ആരോപണം ഇപ്പോൾതന്നെ ഉയർന്നു കഴിഞ്ഞു. ഈ പ്രചാരണത്തെ തടയിട്ടില്ലെങ്കിൽ കോൺഗ്രസിൽ നിന്ന് അടിയൊഴുക്കുകൾ ഉണ്ടാകും എന്ന് വ്യക്തം.
കോൺഗ്രസിന്റെ തന്നെ വിലയിരുത്തലിൽ എൽഡിഎഫിന്റെ ആരോപണങ്ങളിൽ പലതും ലീഗുമായി ബന്ധപ്പെട്ടതാണ് എന്നാണ്. കോൺഗ്രസ് ലീഗിന്റെ ചട്ടുകം ആണ് എന്ന് സിപിഎം പ്രചാരണം പലയിടത്തും ഫലിച്ചു എന്നാണ് വിലയിരുത്തൽ. തെക്കൻ കേരളത്തിൽ ഇത് വലിയ തോതിൽ വോട്ട് കുറയുന്നതിന് കാരണമായി എന്ന് കരുതുന്നു. ഈ പശ്ചാത്തലത്തിൽ കൂടി വേണം മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ചേർത്തുവായിക്കാൻ. പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതോടെ പിണറായി വിജയന്റെ പ്രവചനം സത്യമാകുന്നു എന്ന പ്രചാരണവും വന്നു കഴിഞ്ഞു.
കുഞ്ഞാലിക്കുട്ടി അടുത്ത പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ടെന്നും ഉപമുഖ്യമന്ത്രി സ്ഥാനാർഥി ആണെന്നും ഒക്കെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജിവെച്ച് വലിയ ചർച്ച ഒഴിവാക്കുക എന്നതായിരുന്നു ലീഗിന്റെ തന്ത്രം. എന്നാൽ ഫാസിസത്തെ നേരിടാൻ കേന്ദ്രത്തിൽ തനിക്ക് ആവുന്നത് ചെയ്യും എന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് എൽഡിഎഫ് കേന്ദ്രങ്ങൾ വലിയ പ്രചാരമാണ് നൽകുന്നത്.
രാജി തീരുമാനം ഞെട്ടിക്കുന്നതാണ് എന്ന് പറഞ്ഞത് മറ്റാരുമല്ല. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പാണക്കാട് മോയീൻ അലി ശിഹാബ് തങ്ങളാണ്. വാഴക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി തന്നെ ഇതിന്റെ പേര് പിരിച്ചുവിട്ടു. എംപി സ്ഥാനം രാജി വെക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് ലീഗ് തുറന്നടിച്ചു കഴിഞ്ഞു.
ഇതിനിടെയാണ് ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ലീഗുകാരാൽ കൊല്ലപ്പെടുന്നത്. ഇതിനെതിരെ മുസ്ലിം സംഘടനകൾ തന്നെ രംഗത്തെത്തിയത് കൗതുകമുണർത്തുന്നു. മുസ്ലിം ലീഗ് കാഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞത്. കേരള മുസ്ലിം ജമാഅത്ത് യോഗത്തിലാണ് ഇത് എന്നുള്ളതും പ്രത്യേകതയാണ്. തങ്ങൾക്കെതിരെ വോട്ടു ചെയ്യുന്നവരെയും വിധേയപ്പെട്ട് ജീവിക്കാത്തവരെയും ശാരീരികമായി ഇല്ലാതാക്കുന്ന നയമാണ് ലീഗിന്റേത് എന്ന് കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെടുന്നു.
സമകാലിക രാഷ്ട്രീയ തോൽവിക്ക് മറയിടാൻ ആണ് മുസ്ലിം ലീഗ് ഇത്തരത്തിലുള്ള അരും കൊലകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നത് ഇന്ന് അവർ ആരോപിക്കുന്നു. ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും ലീഗിന്റെ ഈ നീക്കമെന്നാണ് കേരള മുസ്ലിം ജമാഅത്ത് പറയുന്നത്.