ആലപ്പുഴ: നിലം നികത്തുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പ്രകടനമായെത്തി നാട്ടിയ കൊടി സി.പി.ഐ. മണ്ഡലം സെക്രട്ടറിയെത്തി പിഴുതുമാറ്റി. ദേശീയപാതയോരത്തിനുസമീപം ചേര്‍ത്തല കൂറ്റുവേലിയിലാണു സംഭവം. ചേര്‍ത്തലതെക്ക് മണ്ഡലം സെക്രട്ടറി ബിമല്‍ റോയിയാണ് കൊടിമാറ്റിയത്.
ഇവിടെ ഒരേക്കറോളം പാടം നികത്തുന്നുവെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പിന്നീടും നികത്തുന്നുവെന്ന് ആരോപിച്ചാണ് ചേര്‍ത്തലതെക്ക് ചെറുവാരണം മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെത്തി കൊടികുത്തിയത്. കൊടി മാറ്റണമെന്ന് ബിമല്‍ റോയി ഉടന്‍ വിളിച്ചുപറഞ്ഞെങ്കിലും അവര്‍ അംഗീകരിച്ചില്ല. വില്ലേജ് ഓഫീസില്‍ നിന്നുള്‍പ്പെടെ നിരോധനമുണ്ടെന്ന് എ.ഐ.വൈ.എഫ്. നേതൃത്വം പാര്‍ട്ടി നേതാവിനോടു പറയുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു ബിമല്‍ റോയി നേരിട്ടെത്തി കൊടി ഊരിമാറ്റിയത്.
ഇതിനെതിരേ പ്രതിഷേധിച്ച എ.ഐ.വൈ.എഫ്. ഭാരവാഹികള്‍ പാര്‍ട്ടി ഓഫീസിലേക്കു മാര്‍ച്ചുനടത്തി. രാജിക്കത്തു നല്കാന് തീരുമാനിച്ചെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉറപ്പില്‍ പിന്തിരിഞ്ഞു. എങ്കിലും പ്രതിഷേധം ശക്തമാണ്. സി.പി.ഐ. ചെറുവാരണം ലോക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് എ.ഐ.വൈ.എഫ്. നേതൃത്വം കൊടിനാട്ടിയത്. അതുകൊണ്ടുതന്നെ മണ്ഡലം സെക്രട്ടറിയുടെ നിലപാടിനെതിരേ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരിക്കുകയാണ്.
അതേസമയം,”പാര്‍ട്ടിക്കൊടി ഇത്തരം കാര്യങ്ങള്‍ക്കുള്ളതല്ല. എത്രയോ മഹത്തായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. അവിടെ നിലംനികത്തല്‍ നടന്നിട്ടില്ല. പരാതിയുണ്ടെങ്കില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്ക് വില്ലേജ് ഓഫീസിലോ റവന്യൂവകുപ്പിലോ അറിയിക്കേണ്ട കാര്യമേയുള്ളൂ” -സി.പി.ഐ. ചേര്‍ത്തലതെക്ക് മണ്ഡലം സെക്രട്ടറി ബിമല്‍ റോയി പ്രതികരിച്ചു.