KeralaNEWS

മദ്യനിരോധനത്തിനും കോവിഡിനും ശേഷം കേരളത്തിൽ ലഹരി വിൽപ്പന വർധിച്ചു; ഉപയോഗവും 

കൊച്ചി: കേരളത്തിൽ കോവിഡിനു ശേഷം യുവതി യുവാക്കൾക്കിടയിൽ ലഹരി വിൽപ്പനയും ഉപയോഗവും വർധിച്ചതായി കണക്കുകൾ.തൊഴിലില്ലായ്മയും ജോലി നഷ്ടപ്പെട്ടതും ജീവിക്കാനുള്ള ബുദ്ധിമുട്ടും എല്ലാം ചേർന്ന് ആത്മഹത്യ ചെയ്യുന്നതിലും ഭേദം ഇതാണെന്നനിലയിൽ ലഹരിക്കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് ഇതിലേറെയും എന്നതാണ് വാസ്തവം.
 
കോവിഡിനുശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്.മാതാപിതാക്കളെയും മറ്റും ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യുന്നതിലും ഭേദം രക്ഷപ്പെട്ടാൽ രക്ഷപെടട്ടേയെന്ന് കരുതി സ്ത്രീകളും കൗമാരക്കാരും ഉൾപ്പെടെ ലഹരിവിൽപ്പനയിലേക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നതാണ് നാർക്കോട്ടിക് വിഭാഗത്തിന്റെ കണക്കുകളിൽ നിന്നും മനസ്സിലാകുന്നത്.
കൊവിഡിന് ശേഷം യുവാക്കളിലും കൗമാരക്കാരിലും ലഹരി ഉപയോഗം കൂടിയെന്ന് എക്സൈസ് കണക്കുകളും  വ്യക്തമാക്കുന്നു.മാരക ലഹരിയുമായി പിടികൂടുന്നവരും വില്പനക്കാരുമെല്ലാം യുവതി-യുവാക്കളാണ്.
എ.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു. ആണ്‍, പെണ്‍ ഭേദമില്ലാതെ 25 വയസിന് താഴെയുള്ളവരാണ് ഇതിലേറെയും. ഇവരില്‍ സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളും ഐ.ടി.പ്രൊഫഷണലുകളും വരെയുണ്ട്.
മുൻപ് കഞ്ചാവ് ഉപയോഗിക്കുന്നവരായിരുന്നു കേരളത്തിൽ കൂടുതലെങ്കില്‍ ഇപ്പോള്‍ എം.ഡി.എം.എ പോലുള്ള മാരകലഹരിക്ക് അടിമയായവരാണ് ഏറെയും.കൂടുതൽ ലാഭം പ്രതീക്ഷിച്ച് കൂടുതൽ പേർ മാരകമയക്കുമരുന്നുകളുടെ വിൽപ്പനയ്ക്ക് ഇറങ്ങിത്തിരിച്ചതാണ് ഇതിന് കാരണം.
അതിഥി തൊഴിലാളികളുടെ വർധനയും സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഒഴുക്കിന് കാരണമാകുന്നുണ്ട്.മറ്റൊരു വില്ലൻ മൊബൈൽ ഫോണാണ്.കൗണ്‍സലിംഗ്, ചികിത്സ, നിരന്തരമുള്ള ഫോളോ അപ്പ് ഒക്കെ നടത്തി ഇവരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാമെന്ന് വിമുക്തി അധികൃതര്‍ പറയുന്നു.എന്നാൽ ഇതിന് മുൻപ് പോലീസും എക്സൈസും നാർക്കോട്ടിക് വിഭാഗവും സംസ്ഥാനത്ത് കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ടെന്നാണ് വാസ്തവം.
യുവത്വത്തിന്റെ ആസ്വാദനത്തിന് മാറ്റുകൂട്ടാന്‍ ലഹരി ചേര്‍ക്കുന്നത് കേരളത്തിലെ പുതുതലമുറയില്‍ ഒരു വിഭാഗത്തിന്റെ വിനോദമായിരിക്കുന്നു. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രയില്‍ പാതിവഴിയില്‍ വീണ് ജീവിതം ഉടഞ്ഞുപോകുന്നവരുമുണ്ട്. എപ്പോഴും തിളങ്ങിനില്‍ക്കുന്ന മേഖലയായ സിനിമയിലും മോഡലിങ്ങിലും, എന്തിനേറെ, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും പുതിയ ലഹരിക്കൂട്ടായ്മകള്‍ ഉയര്‍ന്നുവരുന്നു.
അല്‍പ്പസ്വല്‍പ്പം മദ്യത്തില്‍ അഭയം തേടിയിരുന്ന പുതുതലമുറയ്ക്ക് ഇപ്പോള്‍ പ്രിയം പുത്തന്‍ ലഹരിമേഖലകളാണ്. പിടിക്കപ്പെടില്ലെന്നതും ആരും അറിയില്ലെന്നതും യുവാക്കളെ പുതിയ ലഹരിമാര്‍ഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്നു.
മദ്യനിരോധന ശേഷമാണ്‌ സമാനതകളില്ലാത്ത വര്‍ദ്ധന ലഹരി വസ്‌തുക്കളുടെ വരവില്‍ സംസ്ഥാനത്തുണ്ടായത്‌.ദിനംപ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിയുമായി പിടിയിലാവുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ലഹരിയുടെ വലയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെട്ട നിരവധി പെണ്‍കുട്ടികളും നമുക്ക് മുന്നിലുണ്ട്.കഞ്ചാവ് മാഫിയയുടെ ഇരുണ്ട കൈകളില്‍ കുരുന്നുകള്‍ ഞെരിഞ്ഞമരുന്നതിന്റെ നേര്‍ചിത്രങ്ങള്‍ ദിനംപ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നു.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആലുവയിൽ നടന്നത്.

Back to top button
error: