ഇസ്ലാമാബാദ്:പാക് കാമുകനെ വിവാഹം ചെയ്യാൻ ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ യുവതി അഞ്ജുവിനു സമ്മാനമായി ലഭിച്ചത് പണവും ഭൂമിയും.ജൂലൈ 25നാണു മുപ്പത്തിനാലുകാരിയായ അഞ്ജു ഇരുപത്തിയൊന്പതുകാരനായ നസ്റുള്ളയെ പാക്കിസ്ഥാനിലെത്തി വിവാഹം ചെയ്തത്.
ഖൈബർ പഖ്തുൺഖ്വ മേഖലയിലെ റിയൽ എസ്റ്റേറ്റ് കന്പനി സിഇഒ മൊഹ്സിൻ ഖാൻ അബ്ബാസിയാണ് ശനിയാഴ്ച ഇരുവരെയും സന്ദർശിച്ച് സമ്മാനമായി തുക വെളിപ്പെടുത്താത്ത ഒരു ചെക്കും 2722 ചതുരശ്ര അടി ഭൂമിയും കൈമാറിയത്.
കാമുകനെ വിവാഹം ചെയ്യുന്നതിനായി മതംമാറിയശേഷം ഫാത്തിമയെന്ന പേരാണ് അഞ്ജു സ്വീകരിച്ചത്. ഇരുവരും 2019ൽ ഫേസ്ബുക് വഴിയാണ് സുഹൃത്തുക്കളായത്. യുപിയിൽ ജനിച്ച അഞ്ജു രാജസ്ഥാനിലാണു താമസിച്ചിരുന്നത്. ഇതിനിടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കൃത്യമായ രേഖകൾകൊണ്ടാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്.ഇനി ഇന്ത്യയിലേക്ക് ഇല്ലെന്ന് അഞ്ജു പറഞ്ഞു.