CrimeNEWS

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു; അതിഥിത്തൊഴിലാളി പിടിയില്‍

തിരുവനന്തപുരം: ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറിന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച മറുനാടന്‍തൊഴിലാളി അറസ്റ്റില്‍. ഞായറാഴ്ച രാവിലെ തേമ്പാമുട്ടത്തുള്ള റെയില്‍വേ പ്ലാറ്റ്ഫോമില്‍ വെച്ചാണ് സംഭവം നടന്നത്. രാവിലെ പതിവു പ്രഭാതസവാരിക്കായി തേമ്പാമുട്ടത്തുള്ള റെയില്‍വേ പ്ലാറ്റ്ഫോമിലെത്തിയ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ പതിവുപോലെ മൊബൈല്‍ഫോണ്‍ പ്ലാറ്റ്‌ഫോമിനു സമീപത്തെ ബഞ്ചില്‍ വെച്ചശേഷം നടന്നു.

അധികംദൂരം പോകാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് പതിവ്. ഈ സമയം പ്രതി സുബ്രേതാകാറും സുഹൃത്തും ഇവിടെയെത്തിയിരുന്നു. സുബ്രേതാകാര്‍ ഫോണെടുത്ത് പോക്കലിട്ടശേഷം കന്യാകുമാരിയിലേക്ക് പോകുന്നതിന് ബസ് കയറുന്നതിനുവേണ്ടി ബാലരാമപുരത്ത് എത്തി. ഈ സമയം ഫോണ്‍ നഷ്ടപ്പെട്ട വിവരം സുരേഷ്‌കുമാര്‍ ബാലരാമപുരം പോലീസിലും നാട്ടുകാരില്‍ ചിലരോടും പറഞ്ഞു. പോലീസും നാട്ടുകാരും ചേര്‍ന്ന് ബാലരാമപുരം കവലയിലും പരിസരത്തും തിരക്കിയപ്പോഴാണ് ബസ് കാത്തുനില്‍ക്കുന്ന രണ്ട് മറുനാടന്‍തൊഴിലാളികളെ കണ്ടത്.

Signature-ad

ഇവരെ ചോദ്യംചെയ്തപ്പോള്‍ സുബ്രേതാകാറില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇയാള്‍ ഫോണ്‍ എടുത്തകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്ത് അറിഞ്ഞിരുന്നില്ല. ഇതുകാരണം ഇയാളെ പ്രതി ചേര്‍ത്തിട്ടില്ല. ബാലരാമപുരം എസ്.എച്ച്.ഒ. വിജയകുമാര്‍, എസ്.ഐ. ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: