ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മുറിവേൽപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളുടെ വീടുകൾ ശനിയാഴ്ച ഇടിച്ചുനിരത്തി. അനധികൃത നിർമാണമാണെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടങ്ങളുടെ നടപടി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹാറിലായിരുന്നു സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ശരീരത്തിൽ ആസകലം മുറിവേൽപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ഘനമുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രവീന്ദ്ര കുമാർ, അതുൽ ബദോലിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ ഇരുവരുടെയും വീടുകളുടെയും, വീട് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് മൈഹാർ മുനിസിപ്പൽ കൗൺസിലിലെ ചീഫ് മുനിസിപ്പൽ ഓഫീസർ വെള്ളിയാഴ്ച നോട്ടീസ് നൽകി. അന്വേഷണത്തിൽ രണ്ട് വീടുകളും അനധികൃതമാണെന്ന് കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. ഒരാളുടെ വീട് പുറമ്പോക്ക് ഭൂമിയിലാണെന്നും മറ്റൊരാളുടെ വീട് അനുമതിയില്ലാതെ നിർമിച്ചതാണെന്നും കണ്ടെത്തിയതായാണ് അധികൃതരുടെ വിശദീകരണം. ശനിയാഴ്ച രാവിലെയോടെ വീടുകൾ പൊളിച്ചു.
രാവിലെ വീടുകൾ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ബന്ധുക്കൾ അപേക്ഷിച്ചെങ്കിലും നടപടി ഒഴിവാക്കിയില്ല. അന്വേഷണം പൂർത്തിയായ ശേഷമേ നടപടിയെടുക്കാവൂ എന്നും പ്രതികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല. മൈഹാറിലെ ഒരു ക്ഷേത്ര മാനേജിങ് ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മുറിവേൽപ്പിക്കുകയുമായിരുന്നു. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ റെവയിലെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കുട്ടിയുടെ പരിക്കുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. കുട്ടിയുടെ ആരോഗ്യ നില വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരീക്ഷിക്കുകയാണ്. ആവശ്യമെങ്കിൽ ഭോപ്പാലിലേക്കോ ഡൽഹിയിലേക്കോ മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ.