തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുന്നതിനിടെ ഹൗളിങ് ഉണ്ടായത് മനഃപൂര്‍വമല്ലെന്ന് മൈക്ക് ഉടമ രഞ്ജിത്ത്. വലിയ തിരക്കില്‍ ബാഗ് തട്ടിയതിനെ തുടര്‍ന്നാണ് തകരാര്‍ സംഭവിച്ചത്. ഇത് ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
”കെ സുധാകരന് പ്രസംഗിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെക്കും മുഖ്യമന്ത്രി പ്രസംഗിക്കാനായി എത്തി. അപ്പോഴെക്കും ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും ഇടിച്ചുകയറി. ആ സമയത്ത് ഒരു ക്യാമറാമാന്റെ ബാഗ് കണ്‍സോളിലോട്ട് വീണു. അങ്ങനെ അതിന്റെ ശബ്ദം ഫുള്‍ ആയപ്പോഴാണ് ഹൗളിങ് സംഭവിച്ചത്. പത്തുസെക്കന്‍ഡില്‍ പ്രശ്നം പരിഹരിച്ചു”- രഞ്ജിത്ത് പറഞ്ഞു.
”ആസമയത്ത് മൈക്ക് ഓപ്പറേറ്ററായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇന്നലെ കണ്‍ന്റോണ്‍മെന്റ് സിഐ വിളിച്ചു വരുത്തി മൊഴിയെടുത്തു. അതിനു ഉപയോഗിച്ച് മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹൗളിങ് ഇത്ര വലിയ പ്രശ്നമാണെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മന്‍മോഹന്‍സിങ്, രാഹുല്‍ ഗാന്ധിയുടെ അടക്കം പരിപാടിയില്‍ ഞാന്‍ മൈക്ക് നല്‍കിയിട്ടുണ്ട്”- രഞ്ജിത്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുക്കുന്നതിനിടെ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പോലീസ് കേസ് എടുത്തിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു. പോലീസ് സ്വമേധയാ എടുത്ത കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തിന് പോലീസ് കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തില്‍ എതിര്‍വാദങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞദിവസമാണ് ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടി കെപിസിസി സംഘടിപ്പിച്ചത്.