പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.മണിപ്പൂരിനെക്കുറിച്ച് ചോദിക്കുമ്ബോള്‍ പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്ബനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യ എന്ന പേരിനെ എന്തിനാണ് മോദി ഭയപ്പെടുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.
‘ഇന്ത്യ’ എന്ന വാക്ക് പ്രയോഗിച്ചതുകൊണ്ടു മാത്രം കാര്യമുണ്ടാകില്ലെന്നും ഇന്ത്യൻ മുജാഹിദീന്റെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്ബനിയുടെയുമെല്ലാം പേരില്‍ ഇന്ത്യയുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം മോദി നടത്തിയ പരാമർശം. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ ഈ പരാമര്‍ശം.
ഇത്രയും ദിശാബോധമില്ലാത്തൊരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ല. മോദിയെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്ന നിസ്സഹായരും പരാജിതരുമായ ഒരു സംഘമാണ് പ്രതിപക്ഷമെന്നും മോദി പറഞ്ഞിരുന്നു.
അതേസമയം മണിപ്പൂർ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ലോക്സഭയില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കും.ചട്ടം 198 പ്രകാരമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നോട്ടീസിന് 50 അംഗങ്ങളുടെ എങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസത്തിന് അവതരണാനുമതി ലഭിക്കൂ. നിയമസഭയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.