സംസ്ഥാന രാഷ്ട്രീയത്തിൽ സർക്കാരും ഗവർണറും വീണ്ടും ഏറ്റുമുട്ടുന്നു. നാളെ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയില്ല. നേരത്തെ അനുമതിതേടി കൊണ്ടുള്ള സർക്കാരിന്റെ അഭ്യർത്ഥന ഗവർണർ തിരിച്ചയച്ചിരുന്നു. ഇതിന്റെ വിശദീകരണവും ഗവർണർ തള്ളി എന്നാണ് ഇപ്പോൾ അറിയുന്നത്. അതുകൊണ്ടുതന്നെ നാളെ നിയമസഭാസമ്മേളനം ഉണ്ടാകില്ല.
കാർഷിക നിയമങ്ങളിൽ കർഷകർക്ക് അനുകൂലമായ പ്രമേയം പാസാക്കാൻ ആയിരുന്നു നാളത്തെ പ്രത്യേക നിയമസഭ സമ്മേളനം. എന്നാൽ ഇതിനുള്ള സാഹചര്യം, പ്രമേയത്തിലെ ഉള്ളടക്കം എന്താണ്,കേന്ദ്രസർക്കാരിനെതിരെ പരാമർശം ഉണ്ടോ തുടങ്ങിയ വിശദീകരണങ്ങൾ തേടിക്കൊണ്ടാണ് ഗവർണർ നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്.
അതേസമയം ഗവർണർക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഗവർണറുടെ നടപടി രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ് നേതാവ് കെ സി ജോസഫ് വിമർശിച്ചു.