മുഖ്യമന്ത്രിയെ കൊത്തിവലിക്കാന്‍ ആരെയും സമ്മതിക്കില്ലെന്നും എന്താണ് അദ്ദേഹം ചെയ്ത തെറ്റെന്നും ചോദിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്. വഴിയില്‍ കെട്ടിയിട്ട ചെണ്ടയൊന്നുമല്ല പിണറായി വജയന് എന്നും ജയരാജന് പറയുന്നു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്റെ വാക്കുകള്‍:
“വഴിയില്‍ കെട്ടിയിട്ട ചെണ്ടയൊന്നുമല്ല മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കൊത്തിവലിക്കാന്‍ ആരെയും സമ്മതിക്കില്ല. എന്താണ് സഖാവ് പിണറായി വിജയന് ചെയ്ത തെറ്റ്? കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. മുഖ്യമന്ത്രിക്ക് കോട്ടം സംഭവിച്ചിട്ടില്ല. ഈ കേരളത്തെ പുതിയ കേരളമാക്കി മാറ്റാന്‍, ഇന്നത്തെ കേരളത്തിന്റെ അഭിവൃദ്ധിക്കായി, നാടും നഗരവുമെല്ലാം ഉയര്‍ന്നുയര്‍ന്ന് വരികയാണ്.
അതിദരിദ്രരില്ലാത്ത കേരളമായി ഇവിടം മാറിക്കഴിഞ്ഞു. പട്ടിണിയും ദാരിദ്ര്യവും പൂര്‍ണമായി അവസാനിപ്പിച്ചു വികസനോന്മുഖമായ ഒരു കേരളം യാഥാര്‍ഥ്യമായി. അസാധ്യമെന്നു കരുതിയിരുന്ന പല പദ്ധതികളും നടപ്പില്‍വരുത്തി. ലോകത്ത് ശാസ്ത്രസാങ്കേതിക വിദ്യയെ മലയാളികള്‍ക്ക് അനുഭവിക്കാന്‍ കഴിയത്തക്ക വിധത്തില്‍ ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ അദ്ദേഹം പദ്ധതികള്‍ തയാറാക്കി.
തീവ്രമായി പരിശ്രമിക്കുന്ന, 24 മണിക്കൂറല്ല, അതിനപ്പുറമുള്ള സമയം ചിലവഴിച്ച്, രോഗബാധിതനായിരിക്കുമ്പോള്‍ പോലും കേരളത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ചിന്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. അദ്ദേഹത്തെ വേട്ടയാടുകയും വ്യാപകമായി അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നത്.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നാക്രമണം അതിരു വിട്ടു പോകുന്നു. ഈ നാട്ടിലെ ജനങ്ങളിത് സഹിക്കുമെന്ന് അവര്‍ കരുതരുത്. യാഥാര്‍ഥ്യങ്ങളും വസ്തുതകളും ജനങ്ങളിൽ എത്തിക്കുന്നതില്‍ തെറ്റില്ല. അതാണോ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്?
എന്താണ് സഖാവ് പിണറായി വിജയന് ചെയ്ത തെറ്റ്? തികച്ചും സത്യസന്ധവും നീതിപൂര്‍വവുമായുള്ള നടപടികള്‍ മാത്രമേ ഇന്നുവരെ സ്വീകരിച്ചിട്ടുള്ളൂ. കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. അതുവച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആ മുഖ്യമന്ത്രിയെ വേട്ടയാടാന്‍ കിട്ടാവുന്ന എല്ലാ വേദികളും ശത്രുക്കള്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രിക്ക് കോട്ടമൊന്നും സംഭവിക്കില്ല. ആ വേദിക്കാണ് കളങ്കമുണ്ടാകുക.
അപക്വമതികളായ ചില നേതാക്കളെങ്കിലും ഇത് ആലോചിക്കുന്നത് കേരളത്തിന്റെ ഭാവിക്ക് നല്ലതാണ്…”
ഇപി ജയരാജന് വ്യക്തമാക്കി.