തിരുവനന്തപുരം: സി.പി.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കു നേരേ മണ്ഡലം സെക്രട്ടേറിയറ്റംഗം ആസിഡ് ആക്രമണം നടത്തിയത് ക്ഷീരോത്പാദക സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണെന്ന സംശയം ബലപ്പെടുന്നു. സി.പി.ഐ. മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ എ.ആര്‍.സുധീര്‍ഖാനു നേരേ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റംഗം സജികുമാറാണ് കഴിഞ്ഞദിവസം ആസിഡ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ സുധീര്‍ഖാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സുധീര്‍ഖാനു നേരേ ആസിഡ് ആക്രമണമുണ്ടായത്. നിലവിളികേട്ട് ഭാര്യ ഹയറുന്നീസ മുറിയിലെത്തിയപ്പോള്‍ പൊള്ളലേറ്റ നിലയിലാണ് സുധീര്‍ഖാനെ കണ്ടത്. മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റതെന്നാണ് ആദ്യം കരുതിയത്. ആശുപത്രിയിലെത്തിയ ശേഷമാണ് ആസിഡ് ആക്രമണമാണെന്നു വ്യക്തമായത്. സംഭവത്തിനു മുന്‍പ് മുറിയിലുണ്ടായിരുന്ന സജികുമാറിനെ പിന്നീട് കാണാതായത് സംശയം ബലപ്പെടുത്തി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
വെള്ളൂര്‍ക്കോണം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ സാമ്പത്തിക വിഷയത്തില്‍ ആഴ്ചകള്‍ക്കു മുന്‍പ് സജികുമാറും സുധീര്‍ഖാനും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ചില സാമ്പത്തിക ക്രമക്കേട് നടന്നതായും ആരോപണമുണ്ട്. വെള്ളൂര്‍ക്കോണം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ നിലവിലെ പ്രസിഡന്റാണ് സുധീര്‍ഖാന്‍. ഈ സംഘത്തിലെ സെക്രട്ടറി പദവിയില്‍നിന്ന് രണ്ടരവര്‍ഷം മുന്‍പാണ് സജികുമാര്‍ വിരമിച്ചത്.
വിരമിച്ചെങ്കിലും സംഘത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജികുമാര്‍ ഇടപെടാറുണ്ട്. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിരുന്നു. സംഭവങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതിന്റെ പേരില്‍ സുധീര്‍ഖാനോടു സജികുമാര്‍ കടുത്ത രോഷം പ്രകടിപ്പിച്ചിരുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ക്ഷീരോത്പാദക സംഘത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക് സുധീര്‍ഖാനെ കൊണ്ടുവന്നത് സജികുമാറാണെന്നും പറയപ്പെടുന്നു. ഇവര്‍ തമ്മില്‍ പ്രസിഡന്റ് പദത്തെച്ചൊല്ലി ധാരണ ഉണ്ടായിരുന്നതായും സുധീര്‍ഖാന്‍ പ്രസിഡന്റ് പദവി ഒഴിയാന്‍ തയ്യാറാകാത്തതാണ് അക്രമത്തിലേക്കു നയിച്ചതെന്നും സംശയിക്കുന്നവരുണ്ട്. ഈ സംഭവങ്ങളെല്ലാം അന്വേഷിക്കുന്നതായി പോലീസും അറിയിച്ചു.
അതേസമയം, ആസിഡ് ആക്രമണത്തിനുശേഷം സജികുമാര്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഊരൂട്ടമ്പലത്തും അണപ്പാട്ടുമുള്ള രണ്ടു പ്രവര്‍ത്തകരെയാണ് ബന്ധപ്പെട്ടത്. ഇവര്‍ രണ്ടുപേരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയതായി സൂചനയുണ്ട്. സംഭവം നടന്ന് അരമണിക്കൂറിനു ശേഷം ഓഫാക്കിയ മൊബൈല്‍ ഇതുവരെ ഓണാക്കിയിട്ടില്ല. തമിഴ്നാട് കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.