Fiction

പ്രശ്‌നങ്ങള്‍ ചുറ്റിവരിയുമ്പോൾ അതിന്റെ പരിഹാരവും കൺമുന്നിലുണ്ടാവും,  പക്ഷേ കണ്ണടിച്ചിരുന്നാൽ  കാണാനാവില്ല

വെളിച്ചും

   ദൈവവിശ്വാസിയായിരുന്നു അയാള്‍. അങ്ങനെയിരിക്കെ അയാളുടെ ഗ്രാമത്തില വെള്ളപ്പൊക്കം ഉണ്ടായി. വെള്ളം വീടിനടുത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ രക്ഷാപ്രവര്‍ത്തകര്‍ നാട്ടുകാരെ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരുന്നു.  അയാളുടെ വീട്ടിലേക്കും ഒരു ലോറിയുമായി ആളുകൾ എത്തി.  അപ്പോള്‍ അയാള്‍ പറഞ്ഞു:

Signature-ad

   “ഞാന്‍ ദൈവവിശ്വാസിയാണ്.  ദൈവം എന്നെ രക്ഷിക്കും  നിങ്ങള്‍ പൊക്കോളൂ…”

വെള്ളം കയറി തുടങ്ങി. അയാള്‍ മുകളിലത്തെ നിലയിലേക്ക് മാറി.  അപ്പോഴും ഒരു കൂട്ടം ആളുകള്‍ വള്ളത്തില്‍ അയാളെ രക്ഷിക്കാനെത്തി.  അപ്പോഴും അയാള്‍  പറഞ്ഞു:
‘ദൈവം എന്നെ രക്ഷിക്കാനെത്തും’ എന്ന്.

വെള്ളം ഉയര്‍ന്നു. അയാള്‍ തന്റെ പുരയ്ക്ക് മുകളിലേക്ക് കയറി.  അപ്പോഴാണ് അതുവഴി ഒരു ഹെലികോപ്റ്റര്‍ വന്നത്.  അവരും അയാളെ രക്ഷിക്കാന്‍ ശ്രമിച്ചു.
അയാള്‍ അവരോടൊപ്പവും പോകാന്‍ തയ്യാറായില്ല.
ദൈവം രക്ഷിക്കാന്‍ വരുമെന്ന് പറഞ്ഞ് അവരേയും മടക്കി അയച്ചു.  വെള്ളം വീണ്ടും കൂടിക്കൊണ്ടേയിരുന്നു.  അപ്പോള്‍ അയാള്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

“ദൈവമേ, ഞാന്‍ അങ്ങയുടെ ഇത്രവലിയ വിശ്വാസിയായിട്ടും എനിക്ക് മുങ്ങിമരിക്കാനാണോ വിധി …”
ആ ഘട്ടത്തിൽ ഒരു അശരീരി ഉണ്ടായി.  ദൈവം പറഞ്ഞു:

   “ഞാന്‍ നിനക്ക് രക്ഷപ്പെടാന്‍ ഒരു ലോറിയും, വള്ളവും, ഹെലികോപ്റ്ററും കൊടുത്തയച്ചു.  എന്നിട്ടും നീ തന്നെയാണ് അതെല്ലാം ഒഴിവാക്കിയത്.. ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്.. ?”

   പലപ്പോഴും പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തെ അക്രമിക്കുമ്പോള്‍ പലതരം പരിഹാരങ്ങളും നമ്മുടെ മുന്നിലേക്ക് എത്താറുണ്ട്. പക്ഷേ, അത് ശ്രദ്ധിക്കാനോ അതിന്റെ പ്രയോജനങ്ങൾ ഉപയോഗിക്കാനോ മിനക്കെടാറില്ല പലരും.

എല്ലാത്തിനും ദൈവം നേരില്‍ പ്രത്യക്ഷപ്പെട്ട് പരിഹാരം ഉണ്ടാക്കുമെന്ന് കരുതരുത്.  മനുഷ്യനിലൂടെയും പ്രകൃതിയിലൂടെയും നിര്‍ജ്ജീവമായ വസ്തുക്കളിലൂടെയുമെല്ലാം ദൈവം പ്രവര്‍ത്തിക്കുന്നുണ്ട്. അത് നാം തിരിച്ചറിയണമെന്ന് മാത്രം. പ്രശ്‌നങ്ങള്‍ കടന്നുവരുമ്പോഴും അതിന്റെ പരിഹാരം നമുക്ക് ചുറ്റിലും കണ്ണോടിച്ചാല്‍ കണ്ടെത്താനാകും.
അത് തിരിച്ചറിയാന്‍ സാധിക്കുന്നവർക്ക് ദുരിത വഴികളിൽ നിന്ന് രക്ഷനേടാനാവും.

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രീകരണം: നിപു കുമാർ

Back to top button
error: