NEWS

അഭയകേസില്‍ വിധി അല്‍പ്പസമയത്തിനകം

സിസ്റ്റര്‍ അഭയകേസില്‍ വിധി അല്‍പ്പസമയത്തിനകം. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. സിബിഐ ജഡ്ജി ജെ. സനല്‍കുമാര്‍ കോടതിയില്‍ എത്തി.

Signature-ad

വിധി പ്രസ്താവം കേള്‍ക്കുന്നതിനായി പ്രതികള്‍ കോടതിയിലെത്തി. അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണു വിധി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി.

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2019 ഓഗസ്റ്റ് 26 ന് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ ഈ മാസം 10നു പൂര്‍ത്തിയായി. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. 8 പേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല. കേസില്‍ കോടതി ഇന്നു നിര്‍ണായക വിധി പറയുമ്പോള്‍, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കള്‍ അതു കേള്‍ക്കാന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

Back to top button
error: