തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയ്ക്കു സമീപമുള്ള റബര്‍ എസ്റ്റേറ്റില്‍ കാട്ടാനയെ കൊലപ്പെടുത്തി കൊമ്പ് മുറിച്ചെടുത്തു ജഡം കുഴിച്ചുമൂടിയ കേസില്‍ മുഖ്യപ്രതിയും കൂട്ടാളിയും കീഴടങ്ങി. മുഖ്യപ്രതിയായ തോട്ടം ഉടമ വാഴക്കോട് സ്വദേശി റോയി ജോസഫ്, നാലാം പ്രതി വാഴക്കാട് സ്വദേശി എം ജോബി എന്നിവരാണ് മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കില്ലെന്നു നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍.
മച്ചാട് റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 14ന് നടത്തിയ പരിശോധനയിലാണ് റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടിയ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ ഒരു കൊമ്പ് 14 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആനയുടെ ജഡം പുറത്തെടുത്തത്.
സംഭവത്തിനു പിന്നാലെ തോട്ടം ഉടമയായ റോയി ഉള്‍പ്പെട്ടെ ഇരുപതോളം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞദിവസം എറണാകുളം പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, വിനയന് എന്നിവര്‍ അറസ്റ്റിലായിരുന്നു. കൊമ്പിന്റെ പകുതി മുറിച്ചുകടത്തി വില്ക്കാന് ശ്രമിക്കുമ്പോഴാണ് കോടനാട് വനം വകുപ്പ് സംഘം ഇവരെ പിടികൂടിയത്. കൊമ്പ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.
മുഖ്യപ്രതി റോയിയെയടക്കം കണ്ടെത്താനായി വനം വകുപ്പ് വ്യാപക തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന് മുന്‍പാകെ കീഴടങ്ങിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ വനം വകുപ്പ് ഇവരുമായി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
റോയിയുടെയും ജോബിയുടെയും അറസ്റ്റോടെ കേസില്‍ ഇതുവരെ നാലുപേര്‍ പിടിയിലായി. കൊമ്പ് വില്ക്കാന് ശ്രമിച്ചവരും വാങ്ങാന്‍ ശ്രമിച്ചവരും ജഡം കുഴിച്ചുമൂടാന്‍ സഹായിച്ചവരുമാണ് ഇനി പിടിയിലാകാനുള്ളത്. പിടിയിലാകാനുള്ള പ്രതികളില്‍ ആനക്കൊമ്പ് കടത്ത് റാക്കറ്റിലെ അംഗങ്ങളുമുണ്ട്. ഇവര്‍ കീഴടങ്ങാനിടയില്ലെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കും.