വാഗമണ്ണിലെ നിശാപാര്‍ട്ടി: വഴി തെളിച്ചത് ടെലഗ്രാം സൗഹൃദം
വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ മാധ്യമമായി ഉപയോഗിച്ചത് ടെലഗ്രാം ഗ്രൂപ്പെന്ന് പോലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രൊഫഷണല്‍സ് പങ്കെടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ഡോക്ടര്‍മാര്‍, ഫാഷന്‍ ഡിസൈനേഴ്‌സ്, എന്‍ജിനിയര്‍മാര്‍, മാനേജ്‌മെന്റ് വിദഗ്ദര്‍ വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തുവരുടെ ഫോണുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ലഹരി മരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ രക്തപരിശോധനയും നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടി നടത്തിയതിനും ലഹരി ഇടപാട് നടത്തിയതിനും റിസോര്‍ട്ടിനെതിരെ കളക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി.
പാര്‍ട്ടിയില്‍ 24 ഓളം യുവതികള്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ പലരും സമൂഹത്തിലെ ഉയര്‍ന്ന ജോലി ചെയ്യുന്നവരാണ്. സംഭവത്തില്‍ ബന്ധപ്പെട്ടവരില്‍ കൂടുതലും മലപ്പുറം, കോഴിക്കോട് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് സംഭവത്തില്‍ പങ്കെടുത്തവരെല്ലാം പരിചയപ്പെട്ടതെന്ന് മൊഴി നല്‍കി. നിശാപാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയാണ് സംഘാടകര്‍ ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയത്.
ജന്മദിനാഘോഷം എന്ന പേരില്‍ ആളുകളെ റിസോര്‍ട്ടിലെത്തിച്ച ശേഷം ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുകയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചവരുടെ ഉദ്ദേശം. എന്നാല്‍ ലഹരി മരുന്ന് പാര്‍ട്ടിയില്‍ ഉപയോഗിക്കുന്നതിനെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴി. ലഹരി മരുന്നുകളൊന്നും ഇവരുടെ കൈയ്യില്‍ നിന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ സംഘാടകര്‍ക്ക് എതിരെ മാത്രമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. 59 പേര്‍ പങ്കെടുത്ത പാര്‍ട്ടിയിലെ സംഘാടകയായ 1 സ്ത്രീയുള്‍പ്പടെ 9 പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.