ഇംഫാല്‍: മണിപ്പുരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ്. രണ്ടര മാസം മുമ്പ് നടന്ന മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികളിലൊരാളെ പോലീസ് പിടികൂടിയത്. ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മേയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് മണിപ്പുര്‍ പോലീസ് പറയുന്നത്.
സംഭവത്തില്‍ പ്രതികരിച്ച് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങും രംഗത്ത് വന്നു. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വ രഹിതവുമെന്ന് ബീരേന്‍ സിങ് വിമര്‍ശിച്ചു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. കര്‍ശന നടപടി ഉറപ്പാക്കും. കുറ്റക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരേ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികള്‍ക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു.
അതേസമയം, മണിപ്പുര്‍ സംഭവത്തിന്‍െ്‌റ വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വീഡിയോ വ്യാപകമായി പ്രചരിക്കാനിടയായതില്‍ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.